അദാനിയെ കൈവിടാതെ ‘ആപത്കാല രക്ഷകൻ’; വിവാദത്തിനിടയിലും വാങ്ങിക്കൂട്ടിയത് 5 കമ്പനികളുടെ അധിക ഓഹരി

ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ. ഇന്ത്യൻ വംശജനും അമേരിക്കൻ ശതകോടീശ്വരനുമായ രാജീവ് ജെയിൻ നയിക്കുന്ന അമേരിക്കൻ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. 2023ൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത വിൽപനസമ്മർദ്ദം നേരിടുകയും വിപണിമൂല്യത്തിൽ നിന്ന് സംയോജിതമായി 12 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻതോതിൽ നിക്ഷേപവുമായി എത്തിയത്. ഇത്, അദാനി ഓഹരികൾക്ക് വലിയ ആശ്വാസവുമായിരുന്നു.2.47% അധിക ഓഹരികൾ വാങ്ങി അദാനി പോർട്സിലെ പങ്കാളിത്തം 3.93 ശതമാനത്തിലേക്കാണ് ജിക്യുജി ഉയർത്തിയത്. അദാനി ഗ്രീൻ എനർജിയിലേത് 0.28% വർധിപ്പിച്ച് 4.49 ശതമാനമാക്കി. 0.17% ഉയർത്തി 3.84 ശതമാനമാണ് അദാനി എന്റർപ്രൈസസിലെ പങ്കാളിത്തം. നേരിയ വർധനയോടെ 5.1 ശതമാനം ഓഹരി പങ്കാളിത്തം അദാനി പവറിലുമുണ്ട്. അദാനി എനർജി സൊല്യൂഷൻസിൽ ഓഹരി പങ്കാളിത്തം 5.23 ശതമാനം; മാർച്ചിൽ ഉയർത്തിയത് 0.13%. അതേസമയം, അംബുജ സിമന്റ്സിലെ ഓഹരിപങ്കാളിത്തം നേരിയതോതിൽ കുറയ്ക്കുകയും ചെയ്തു. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
Source link