ലക്ഷങ്ങളോ കോടികളോ വാങ്ങിയതിന്റെ തെളിവുണ്ടോ?: എലിസബത്തിനെതിരെ ബാലയുടെ കരൾ ദാതാവ്

ബാലയുടെ മുൻ ജീവിതപങ്കാളി എലിസബത്തിനെതിരെ നടന് കരൾ ദാനം ചെയ്ത ദാതാവ് ജോസഫ് ജേക്കബ്. സ്വമനസ്സാലെ അവയവദാനത്തിന് തയാറായ തന്നെപ്പറ്റി സംസാരിക്കാൻ എലിസബത്തിന് യാതൊരു അർഹതയും ഇല്ലെന്ന് ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും ഒരുപാട് ടെസ്റ്റുകളും ചർച്ചകളും കഴിഞ്ഞതിനു ശേഷമാണ് ഒരാൾ അവയവ ദാനത്തിനായി തയാറെടുക്കുന്നതെന്നും ജോസഫ് പറയുന്നു. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ എലിസബത്ത് അവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും അവർ കരൾ നൽകാൻ തയാറാണ് എന്ന് പറഞ്ഞതായി അറിവില്ല. ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയത് എന്ന് പറയുന്നതിന് തെളിവ് കാണിക്കണമെന്നും തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുതെന്നും ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം ലോകത്ത് ഏറ്റവും മഹത്തായ കർമമാണ്. അത് നന്നായി അറിയാവുന്ന ഡോക്ടർ ആയ ഒരാൾ അതിനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ബാല പറഞ്ഞു. ‘‘എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോളൂ നിയമപരമായി എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ട്. ഈ ലോകത്ത് എത്രപേർക്ക് അവയവദാനത്തെക്കുറിച്ച് അറിയാം , എത്രപേർ അതിനു തയാറാകും? ഏറ്റവും വലിയ ദാനം എന്താണ്, ഒരാൾ മരിക്കാൻ കിടക്കുമ്പോൾ ആ ജീവൻ രക്ഷിക്കാൻ ചെയ്യുന്ന ദാനമാണ് ഏറ്റവും വലിയ ദാനം. ഒരാൾ മരിച്ച ശേഷം അയാളുടെ അവയവങ്ങൾ കൊടുക്കാം. പക്ഷേ ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരിക്കാൻ കിടക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ സ്വന്തം അവയവം നൽകുന്നത് ഏറ്റവും വലിയ ദാനമാണ്. കാരണം അയാളുടെ ജീവന് കൂടി അപകടമായ കാര്യമാണ് അത്.
Source link