അനിൽ അംബാനി ബോർഡ് അംഗമല്ലെന്ന് ‘സ്വന്തം’ കമ്പനികൾ; ഇ.ഡി റെയ്ഡ് ബാധിക്കില്ല, എന്നിട്ടും ഇടിഞ്ഞ് ഓഹരികൾ

അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിനു കീഴിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ ഇന്നും നേരിട്ടത് കനത്ത തകർച്ച. ഇന്നലെ 5% വീതം ഇടിഞ്ഞ് ‘ലോവർ-സർക്യൂട്ടിലേക്ക്’ പതിച്ച ഓഹരികൾ ഇന്നും അതാവർത്തിച്ചു. ഇതോടെ രണ്ടുദിവസത്തെ മൊത്തം ഇടിവ് 10% വീതം.ഇന്ന് 5% ഇടിഞ്ഞ് 56.72 രൂപയിലാണ് റിലയൻസ് പവർ ഓഹരികൾ ബിഎസ്ഇയിൽ വ്യാപാരം ചെയ്തത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 5% താഴ്ന്ന് 342.05 രൂപയിലും. ഇക്കഴിഞ്ഞ ജൂൺ 27ന് റിലയൻസ് ഇൻഫ്രായുടെ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 425 രൂപയിൽ എത്തിയിരുന്നു. റിലയൻസ് പവറിന്റെ ഓഹരികൾ ജൂൺ 11ന് 52-ആഴ്ചത്തെ ഉയരമായ 76.49 രൂപയും തൊട്ടിരുന്നു. 3,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 35 കേന്ദ്രങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി, ബാങ്ക് ഓഫ് ബറോഡ, നാഷനൽ ഹൗസിങ് ബാങ്ക്, നാഷനൽ ഫിനാൻസ് റിപ്പോർട്ടിങ് അതോറിറ്റി എന്നിവ കൈമാറിയ വിവരങ്ങളും സിബിഐ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളും പരിഗണിച്ചായിരുന്നു റെയ്ഡ്.∙ റിലയൻസ് ഹോം ഫിനാൻസുമായി ബന്ധപ്പെട്ട പണംതിരിമറി ആരോപണത്തെ തുടർന്ന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും സെബി വിലക്കിയിരുന്നു.
Source link