‘അനുഭവിച്ചത് ഞങ്ങളല്ലേ,അപ്പാടെ ഇളകിക്കിടക്കുകയാണ്’; ചൂരൽമല ആവർത്തിക്കുമോയെന്ന ഭീതിയിൽ പുൽക്കുന്നുകാർ

ചൂരൽമല: “എല്ലാം അനുഭവിച്ചത് ഞങ്ങളല്ലേ. അപ്പാടെ ഇളകിക്കിടക്കുകയാണ് പുൽക്കുന്ന്. അവിടെ ഞങ്ങൾ അഞ്ചു വീട്ടുകാർമാത്രമാണ് ലിസ്റ്റിൽ ഇല്ലാത്തത്.” -പറയുമ്പോൾ മുടക്കൈ വീട്ടിൽ പ്രീതയ്ക്ക് ശബ്ദമിടറുന്നുണ്ട്. മുണ്ടക്കൈ സ്കൂളിനു മുൻപിലുണ്ടായിരുന്ന പാലം കടന്നാൽ പുൽക്കുന്നായി. “ഇനി അങ്ങോട്ടുപോകാനാവില്ല. പാലം പോയിട്ട്, സ്കൂൾ ഗ്രൗണ്ടുണ്ടായിരുന്ന സ്ഥലംപോലും തിരിച്ചറിയാനാവൂല്ല. ഞങ്ങൾ അഞ്ചു വീട്ടുകാർമാത്രം എങ്ങനെ താമസിക്കാനാണ്” -പ്രീത ചോദിക്കുന്നു. പ്രീതയുടേത് ഒറ്റപ്പെട്ട ചോദ്യമല്ല. മാനദണ്ഡങ്ങൾ പറഞ്ഞ് മൂന്നു പട്ടികകളാക്കിയപ്പോൾ ഒന്നിലുംപെടാതെ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുടെ പ്രതിനിധിയാണ് പ്രീത. പ്രീതയുടേതുൾപ്പെടെ 17 കുടുംബങ്ങൾക്കാണ് ദുരന്തഭൂമിയിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുക.ഇതിനുപുറമേ മുണ്ടക്കൈ പാടിയിൽ 28 കുടുംബങ്ങളും റാട്ടപ്പാടിയിൽ 27 കുടുംബങ്ങളും ചൂരൽമല സ്‌കൂൾറോഡിന് മുകളിലെ പടവെട്ടിക്കുന്നിൽ 28 കുടുംബങ്ങളും അട്ടമലയിൽ 27 കുടുംബങ്ങളും ഒറ്റപ്പെട്ടു നിൽക്കേണ്ടിവരുമെന്ന് ജനകീയകർമസമിതി കൺവീനർ ജെ.എം.ജെ. മനോജ് വിശദീകരിച്ചു.
Source link