അന്ന് ഇന്ദിര, ഇന്ന് മോദി; പഞ്ചാബ് പ്രവിശ്യയുടെ ഹൃദയഭാഗം ആക്രമിച്ചത് 54 വർഷങ്ങൾക്ക് ശേഷം

ഏപ്രിൽ 22-നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ആ ഭീകരസംഭവത്തിന് കശ്മീർ താഴ്വര സാക്ഷിയായത്. അവധിയാഘോഷിക്കാനും കശ്മീരിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനും രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കുടുംബസമേതം അന്ന് പഹൽഗാമിലെത്തിയിരുന്നു. മനോഹരമായ ഓർമകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ആ സാധാരണക്കാരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഭീകരർ 26 പേരുടെ ജീവനെടുത്തു. ഇവരിൽ പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ കണ്മുന്നിലായിരുന്നു.പാകിസ്താൻ പിന്തുണയോടെ ലഷ്‌കറെ തൊയ്ബ എന്ന ഭീകരസംഘടനയാണ് അതിന് പിന്നിലെന്ന് കണ്ടെത്താൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ അധികസമയം വേണ്ടിവന്നില്ല. ഈ കൊടുംക്രൂരതയ്ക്ക് രാജ്യം നൽകുന്ന മറുപടിക്കു കാത്തിരിക്കുകയായിരുന്നു ഇന്ത്യക്കാർ. പഹൽഗാമിലെ കൂട്ടക്കുരുതി നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യൻ സേനകൾ സംയുക്തമായി തകർത്തു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ദൗത്യത്തിലൂടെ. പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളിൽവെച്ച് തീർക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നടപ്പാക്കിയത്.
Source link