ആശീർവാദിന്റെ വിലക്കുനീക്കി റിസർവ് ബാങ്ക്; മണപ്പുറം ഫിനാൻസ് ഓഹരികളിൽ നേട്ടം

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വർണപ്പണയ (gold loans) രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നൊരുവേള 6 ശതമാനം മുന്നേറി 191.50 രൂപവരെയെത്തി. ഇന്നലെ വ്യാപാരാന്ത്യത്തിൽ ഓഹരിവില 179.98 രൂപയായിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2.31 ശതമാനം ഉയർന്ന് 184.14 രൂപയിൽ.മണപ്പുറം ഫിനാൻസിന്റെ ചെന്നൈ ആസ്ഥാനമായ ഉപസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന് (Asirvad Microfinance) വായ്പാവിതരണത്തിൽ ഏർപ്പെടുത്തിയ വിലക്ക് റിസർവ് ബാങ്ക് (RBI) നീക്കിയതാണ് ഓഹരികൾക്ക് കരുത്തായത്. എംഎസ്എംഇ, ഗോൾഡ് ലോൺ എന്നിവയിൽ ശ്രദ്ധയൂന്നുന്ന എൻബിഎഫ്സിയാണ് ആശിർവാദ് മൈക്രോഫിനാൻസ്. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു വിലക്ക് പ്രാബല്യത്തിൽ വന്നത്. വായ്പാവിതരണച്ചട്ടങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.വിലക്കേർപ്പെടുത്തിയ റിസർവ് ബാങ്കിന്റെ നടപടിയെ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ആശീർവാദ്, വീഴ്ചകൾ പരിഹരിക്കാൻ അടിയന്തര നടപടികളെടുക്കുമെന്ന് ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. ആശീർവാദിന്റെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തി വിലക്ക് പുനഃപരിശോധിക്കുമെന്ന് റിസർവ് ബാങ്കും പറഞ്ഞിരുന്നു. കമ്പനി സ്വീകരിച്ച പരിഹാരനടപടികളിൽ തൃപ്തിയറിയിച്ചാണ് വിലക്ക് നീക്കുന്നതെന്ന് റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കി. ന്യൂഡൽഹി ആസ്ഥാനമായ ഡിഎംഐ ഫിനാൻസിനെതിരായ വിലക്കും ഒഴിവാക്കിയിട്ടുണ്ട്.manoramaonline.com/business
Source link