അഭിഭാഷകയോട് ജഡ്ജി മോശമായി പെരുമാറിയ സംഭവം: കോടതി ബഹിഷ്കരണം അവസാനിപ്പിച്ചു, സ്ഥലം മാറ്റാൻ ആവശ്യം

കൊച്ചി ∙ വനിതാ അഭിഭാഷകയെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിച്ചെന്ന പ്രശ്നത്തിൽ ജസ്റ്റിസ് എ.ബദറുദീന്റെ കോടതി ബഹിഷ്കരിക്കുന്നത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അവസാനിപ്പിച്ചു. എന്നാൽ ജസ്റ്റിസ് ബദറുദീനെ കേരള ഹൈക്കോടതിയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകാന്‍ ഇന്നു രാവിലെ ചേർന്ന അസോസിയേഷൻ യോഗം തീരുമാനിച്ചു. വിഷയത്തിൽ അസോസിയേഷനെ മറികടന്നു ചർച്ച നടത്തിയ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യാനും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചു. അഭിഭാഷകനായ ഭർത്താവിന്റെ മരണത്തെ തുടർന്നു ഹൈക്കോടതി അഭിഭാഷക കൂടിയായ ഭാര്യ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കേസ് ഏറ്റെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ടു അഭിഭാഷക ജസ്റ്റിസ് ബദുറുദീന്റെ കോടതിയിൽ ഹാജരായ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലി അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ജസ്റ്റിസ് ബദറുദീൻ തുറന്ന കോടതിയിൽ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി നടപടികൾ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം.
Source link