അമേരിക്കയിലെ കൈക്കൂലിക്കേസ് ഒഴിവാക്കാൻ ചർച്ച; 14% വരെ കുതിച്ചുകയറി അദാനി ഗ്രൂപ്പ് ഓഹരികൾ

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ കമ്പനികളുടെ ഓഹരികൾ (Adani Group Stocks) ഇന്നു കുതിച്ചുകയറിയത് 14 ശതമാനം വരെ. അദാനി ടോട്ടൽ ഗ്യാസ് 11.20%, അദാനി എന്റർപ്രൈസസ് 7.62%, അദാനി ഗ്രീൻ എനർജി 6.90%, അദാനി പവർ 6.46%, അദാനി പോർട്സ് 6.31%, എൻഡിടിവി 4.30% എന്നിങ്ങനെ കുതിച്ച് നേട്ടത്തിൽ മുന്നിലെത്തി. അദാനി എനർജി സൊല്യൂഷൻസ് 3.41%, എസിസി 1.16%, അദാനി വിൽമർ 1.94%, അംബുജ സിമന്റ് 1.66% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. അദാനി ടോട്ടൽ ഗ്യാസ് ഓഹരി ഒരുവേള 14 ശതമാനം വരെ മുന്നേറിയിരുന്നു. യുഎസ് ഗവൺമെന്റിന് കീഴിലെ നികുതിപ്പ് വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്), യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) എന്നിവ കഴിഞ്ഞവർഷം നവംബറിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് ക്രിമിനൽ കേസ് എടുത്തിരുന്നു. ആരോപണങ്ങളെല്ലാം അവാസ്തവമെന്ന് കാട്ടി അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. മാത്രമല്ല, ബൈഡൻ ഭരണകൂടം എടുത്ത ഈ കേസിന് ആസ്പദമായ നിയമങ്ങൾ ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയി ചുമതലയേറ്റശേഷം മരവിപ്പിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല കേസെന്നും ക്രിമിനൽ ആരോപണങ്ങളെല്ലാം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഗവൺമെന്റിന് കീഴിലെ ഉദ്യോഗസ്ഥരുമായി അദാനി ഗ്രൂപ്പ് അധികൃതർ ചർച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് ഓഹരികളുടെ കുതിച്ചുകയറ്റം.
Source link