അമേരിക്ക തോറ്റോടിയിട്ട് അര നൂറ്റാണ്ട്, വേദന വിട്ടൊഴിയാതെ നാപാം ബോംബില്‍ പൊള്ളിച്ചിതറിയ ജനത

” ഒന്നോര്‍ത്താല്‍ വലിയ വലിയ ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിന് തുല്യമാണ് അഭയാര്‍ഥി ചാപ്പ കിട്ടുന്നത്. തകര്‍ന്നു കിടക്കുന്ന വേലികള്‍ കടന്ന് തരിശ്ശിട്ടതെങ്കിലും തങ്ങളുടേതല്ലാത്ത പുല്‍മേടുകളില്‍ ഭീതിയോടെ മേയുന്ന നാല്‍ക്കാലികളെ പോലെയാണ് അവരുടെ പെരുമാറ്റം. ഏതൊക്കെയോ വിശപ്പിന്റെ വിളികള്‍ ആ വേലികള്‍ ഭേദിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആരും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍, ഭൂമിയില്‍ ആവുന്നതും കാല് തൊടുവിക്കാതെ നടക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ അവര്‍ ഓര്‍മിപ്പിക്കുന്നു’ ‘ . യുദ്ധക്കൊതി തീരാത്ത ലോകത്തെ നോക്കി, അവിടെ തുടച്ചുമാറ്റപ്പെടുന്ന ജനതയെ നോക്കി, അഭയാര്‍ഥി പ്രാവാഹത്തെ നോക്കി ഈ അടുത്തകാലത്തിറങ്ങിയ ഒരു പുസ്തകത്തിലെ വാക്കുകളാണിത്. ചിന്തിച്ചുനോക്കുമ്പോള്‍ ശരിയാണ്, ഓരോ യുദ്ധവും ബാക്കിയാക്കുന്നത് മായാത്ത മുറിവുകളോടെയുള്ള അഭയാര്‍ഥികളെയാണ്. വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്ക്കൊപ്പം പിഴുതെറിയപ്പെടുന്നവര്‍ എവിടെയൊക്കെയോ ശിഷ്ടകാലം നരകിച്ചുജീവിച്ച് മരിച്ചുപോവുന്നു.ഒരു ജനതയെ, കമ്യൂണിസ്റ്റുകളെ എളുപ്പത്തില്‍ കീഴടക്കാമെന്ന് കണക്കുകൂട്ടി വര്‍ഷങ്ങളോളം സംഹാര താണ്ഡവമാടി ഒടുവില്‍ അമേരിക്ക തോറ്റോടിയ വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് ഈ ഏപ്രില്‍ 30 ന് അമ്പതാണ്ട് പിന്നിടുകയാണ്. അതിന് ശേഷവും ലോകം പല യുദ്ധങ്ങള്‍ കണ്ടു, ഇപ്പോഴും തുടരുന്നു. അവരോട് വിയറ്റ്നാമുകാര്‍ ഇന്നും ചോദിക്കുന്നുണ്ട്, അവസാനം നമ്മള് എന്താണു നേടുക. ഒറ്റ ഉത്തരം അഭയാര്‍ഥികള്‍, ദാരിദ്രം, പട്ടിണി. ലോകം കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ വിയറ്റ്നാം യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ ഒരിക്കല്‍ക്കൂടി ആ ഓര്‍മകളിലേക്ക് പോവുകയാണ്, അവരുടെ അതിജീവന പോരാട്ടത്തെ ഓര്‍ക്കുകയാണ്.
Source link