അമ്മയുടെ കടം തീർക്കാൻ മാല പൊട്ടിക്കാനിറങ്ങി, കാൽനടയാത്രക്കാരിക്കു നേരെ മുളകുപൊടി എറിഞ്ഞു; യുവതിയുൾപ്പെടെ പിടിയിൽ

ആറ്റിങ്ങൽ ∙ കാൽനടയാത്രക്കാരിയെ മുളക് പൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവൽ പുരയിടത്തിൽ നിന്നു മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് പിടിയിലായത്. അവനവഞ്ചേരി സ്വദേശി മോളിക്കു(55) നേരെയാണ് ആക്രമണമുണ്ടായത്.19ന് രാവിലെ പത്തോടെ അവനവഞ്ചേരി പോയിന്റ് മുക്കിലാണ് സംഭവം. കടയിൽ പോയി വീട്ടിലേക്ക് മടങ്ങിയ മോളിയുടെ സമീപം കാർ നിർത്തി വഴി ചോദിക്കാനെന്ന വ്യാജേന മുളകുപൊടി എറിയുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമം വിഫലമായതോടെ ഇവർ കാറുമായി കടന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ലക്ഷ്മിയുടെ അമ്മയുടെ കടം തീർക്കാനാണ് ഇരുവരും മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Source link