മോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസിന്റെ ‘ഗയാബ്’ പോസ്റ്റ്; വിവാദമായതോടെ ഡിലീറ്റ് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ എന്നെഴുതിച്ചേർത്ത ചിത്രമായിരുന്നു കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇതിനെതിരേ ബിജെപി പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് കോൺഗ്രസ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. തുടർന്നായിരുന്നു, ഉത്തരവാദിത്വ സമയത്ത് പ്രധാനമന്ത്രി അദൃശ്യനായി എന്ന തരത്തിൽ കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ തലയുടെ ഭാഗത്ത് ‘ഗയാബ്’ (അദൃശ്യൻ) എന്നായിരുന്നു കുറിച്ചിരുന്നത്. ഇതിനെതിരേ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരായിട്ടാണ് കോൺഗ്രസ് പ്രതീകാത്മക ചിത്രം പങ്കുവെച്ചതെന്നും മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും ബിജെപി ആരോപിച്ചു.
Source link