അവസാനിക്കാതെ ‘തലയാട്ടൽ’ തരംഗം, പാടാൻ വിളിച്ചില്ലെന്ന് ചിമ്പുവിന്റെ പരിഭവം; ചില്ലറക്കാരനല്ല ദിബു നൈനാൻ തോമസ്!

‘ഊം… അ… അ… ആ’ തമിഴ് ചിത്രം ഡീസലിലെ വൈറൽ ഗാനമായ ബീയർ സോങ്ങിലൂടെ ഗ്ലോബൽ ഹിറ്റടിച്ച ഈ വരികളും അതിനു സമൂഹമാധ്യമത്തിൽ ക്ലിക്കായ തലയാട്ടലുകളും സൃഷ്ടിച്ച ഓളം ചെറുതല്ല. മലയാളിയായ ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനം കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ പാട്ട് സൂപ്പർഹിറ്റടിച്ച് നിൽക്കുന്ന സമയത്താണ് ദിബുവിനെ തേടി ഒരു ഫോൺ കോൾ എത്തുന്നത്. തമിഴിലെ സൂപ്പർതാരം ചിലമ്പരസൻ എന്ന ചിമ്പുവാണ് മറുതലയ്ക്കൽ! ബീയർ സോങ് ഗംഭീരമായിട്ടുണ്ടെന്ന അഭിനന്ദന വാക്കുകൾക്കു ശേഷം ഒറ്റ ചോദ്യം! ഈ പാട്ടു പാടാൻ തന്നെ എന്തുകൊണ്ട് വിളിച്ചില്ല? അപ്രതീക്ഷിത ചോദ്യം കേട്ട് ദിബു ആശ്ചര്യപ്പെട്ടെങ്കിലും ചിമ്പുവിന്റെ പരിഭവത്തിന് ദിബുവും ‘ഡീസൽ’ സിനിമയുടെ അണിയറപ്രവർത്തകരും വൈകാതെ ഉത്തരം നൽകി. ആ ഉത്തരമാണ് സിനിമയിലെ ഏറ്റവും പുതിയ ട്രാക്ക് ‘ദിൽബർ ആജാ’! തമിഴിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ഗാനത്തിന് ചിമ്പു ശബ്ദം നൽകിയതിന്റെ പിന്നണിക്കഥ പങ്കുവച്ചപ്പോൾ ദിബുവിന്റെ വാക്കുകൾക്ക് പുഞ്ചിരിയുടെ നിറത്തിളക്കം!പോയ വർഷം ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നിറസാന്നിധ്യമായി മാറിയ ദിബുവിന്റെ പാട്ടുകൾ ഇപ്പോഴും മലയാളികളുടെ നാവിൻത്തുമ്പിലുണ്ട്. ‘അങ്ങ് വാന കോണില്’ എന്ന ഗാനം കുട്ടികളുടെ ആന്തം പോലെയായി. ചോദ്യപേപ്പറിൽ വരെ ഇടം നേടിയ ഗാനം കേരള തമിഴ്നാട് സർക്കാരിന്റെ പല ക്യാംപെയ്നുകളുടെയും പശ്ചാത്തലഗാനമായി. തമിഴിൽ ‘ഡീസൽ’, ‘മിസ്റ്റർ എക്സ്’ എന്നീ സിനിമകളാണ് ദിബുവിന്റെ റിലീസിനൊരുങ്ങുന്നത്. ഡീസൽ ചിത്രത്തിലെ പുതിയ ട്രാക്കും 30 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. മിസ്റ്റർ. എക്സ് സിനിമയിലെ ‘ഹയ്യോടി’ എന്ന ഗാനവും കുതിപ്പ് തുടരുകയാണ്. സിനിമാവിശേഷങ്ങളുമായി ദിബു നൈനാൻ തോമസ് മനോരമ ഓൺലൈനിൽ.
Source link