അൺലിസ്റ്റഡ് ഓഹരിക്കും വൻ ഡിമാൻഡ്; 2024ൽ കുതിച്ചവരിൽ കൊച്ചി വിമാനത്താവളവും ടാറ്റ ക്യാപിറ്റലും നയാരയും

ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം വർഷവുമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത (Unlisted Shares) പല കമ്പനികളുടെ ഓഹരികളും 2024ൽ കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. നേട്ടത്തിൽ മുൻപന്തിയിൽ കൊച്ചി വിമാനത്താവള കമ്പനിയുടെ (CIAL/സിയാൽ) ഓഹരികളുമുണ്ട്.ടാറ്റ ക്യാപിറ്റൽ, സ്റ്റഡ്സ് ആക്സസറീസ്, നയാര എനർജീസ്, മോത്തിലാൽ ഓസ്വാൾ ഹോം ഫിനാൻസ്, സിയാൽ, എൻഎസ്ഇ (NSE), മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംഎസ്ഇഐ) തുടങ്ങിയവയാണ് 2024ൽ മികച്ച നേട്ടമുണ്ടാക്കിയ അൺലിസ്റ്റഡ് ഓഹരികളെന്ന് മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഓഹരികളുടെ വിലയിലും വ്യാപാരം ചെയ്യുന്ന ഓഹരികളുടെ എണ്ണത്തിലും 2024ൽ മികച്ച വളർച്ചയുണ്ടായി.മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംഎസ്ഇഐ) ഓഹരിവിലയിൽ 2024ൽ 1100% വളർച്ചയുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 346% നേട്ടവുമായി നയാര എനർജീസ് രണ്ടാമതെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയാണ് 143% ഉയർന്ന് മൂന്നാമത്.പല ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികളിൽ നിന്നുള്ളതിനേക്കാൾ മികച്ച നേട്ടം (Return) ലഭിക്കുന്നു എന്നത് നിക്ഷേപകരെ അൺലിസ്റ്റഡ് സ്റ്റോക്കുകളിലേക്കും ആകർഷിക്കുന്നുണ്ട്. ഏറെ സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന അൺലിസ്റ്റഡ് സ്റ്റോക്കാണ് സിയാലിന്റേതും. അൺലിസ്റ്റഡ് ഓഹരി പിന്നീട് ലിസ്റ്റ് ചെയ്യുമ്പോൾ വൻ നേട്ടം കൊയ്യാനാകുമെന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. 2023-24 സാമ്പത്തിക വർഷം 69 കമ്പനികൾ ഐപിഒ സംഘടിപ്പിച്ചതിൽ 51 എണ്ണവും ഐപിഒ വിലയേക്കാൾ ഉയരത്തിലെത്തിയിട്ടുണ്ട്.
Source link