ആകെയുള്ളത് 1998 പക്ഷി ഇനങ്ങൾ, രാജ്യത്തെ പക്ഷികളുടെ സമഗ്രവിവരവുമായി ഒരു പുസ്തകം; പിന്നിൽ മലയാളി

പത്തനംതിട്ട: രാജ്യത്ത് എത്രയിനം പക്ഷികളുണ്ടെന്ന ചോദ്യത്തിന് ആധികാരികമായ ഉത്തരമായി. 1998 ഇനങ്ങളാണുള്ളത്. ഇതുസംബന്ധിച്ച ഒരു കണക്കുമില്ലാതിരുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മുടവൻമുകൾ എംബസി ഹോംസിൽ ജെ. പ്രവീൺ എന്ന പക്ഷിശാസ്ത്രജ്ഞൻ പുസ്തകരൂപത്തിൽ തയ്യാറാക്കിയ പട്ടിക പ്രസക്തമാകുന്നത്. നാഷണൽ കൺസർവേഷൻ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ പ്രവീൺ, ബേർഡ്സ് ഓഫ് ഇന്ത്യ-ദ ന്യൂ സിനോപ്സിസ് എന്ന പേരിലുള്ള പുസ്തകം രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചു. പക്ഷിനിരീക്ഷകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് രചന.43 വർഷങ്ങൾക്കുശേഷമാണ് പക്ഷി ഇനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ഒരു രേഖ പുറത്തുവരുന്നത്. അമേരിക്കൻ പക്ഷിനിരീക്ഷകനായ ഡില്യൺ റിപ്ലി, 1982-ൽ പക്ഷി ഇനങ്ങളെക്കുറിച്ച് ഇത്തരമൊന്ന് തയ്യാറാക്കിയിരുന്നു. എന്നാൽ അത്, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇനങ്ങളെക്കുറിച്ചായിരുന്നു. 2060 പക്ഷി ഇനങ്ങളെയാണ് അദ്ദേഹം അന്ന് രേഖപ്പെടുത്തിയത്. ആ പുസ്തകത്തിൽ പിന്നീട് കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. പ്രവീണിന്റെ പുസ്തകം ഈ വിഭാഗത്തിൽ രാജ്യത്ത് ആദ്യത്തേതാണ്.
Source link