ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധിക്ക് പൂർണ അവഗണന; വിമർശനവുമായി വസിം അക്രം, അക്തർ

ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപന വേദിയിൽ, പാക്കിസ്ഥാൻ പ്രതിനിധിയെ അവഗണിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) കടുത്ത വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) പാക്കിസ്ഥാന്റെ മുൻ താരങ്ങളും. ടൂർണമെന്റിന്റെ ആതിഥേയരായിട്ടും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരസ്കാരദാന ചടങ്ങിൽ ഉൾപ്പടെ പാക്ക് പ്രതിനിധിയെ അവഗണിച്ചതായാണു വിമർശനം.പാക്കിസ്ഥാനിലെ ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ, ഇന്ത്യ ഫൈനലിനു യോഗ്യത നേടിയതോടെയാണ് ദുബായിലേക്ക് മാറ്റേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് പാക്ക് പ്രതിനിധിക്ക് വേദിയിൽ അവഗണന നേരിട്ടെന്ന വിമർശനം. ഐസിസി ചെയർമാൻ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യ എന്നിവരാണ് ജേതാക്കൾക്ക് ട്രോഫികളും മെഡലുകളും ജാക്കറ്റുകളും വിതരണം ചെയ്തത്. ഈ ഘട്ടത്തിലെല്ലാം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധി അവഗണിക്കപ്പെട്ടതായാണ് പരാതി.
Source link