WORLD

ആദ്യം ഭയം, പിന്നെ പ്രശ്നങ്ങളെ പറപറത്തി കാസർകോട്ടെ ഈ ഡ്രോൺ ദീദിമാർ; കരുത്തായത് ‌‘നമോ’ പദ്ധതി; 4 മിനിറ്റിൽ കയ്യിലെത്തി വരുമാനം


ആദ്യം ഇതൊരു പരീക്ഷണമായാണ് തോന്നിയത്. പിന്നീടാണ് മുന്നിൽ യഥാർഥ പരീക്ഷ വന്നത്. പക്ഷേ ഈ ഏഴു പേരും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം നിറച്ച് പരീക്ഷയെഴുതി. വിജയം പറന്നുവന്ന് കൂടെക്കൂടുകയും ചെയ്തു. പറഞ്ഞു വന്നത് കാസർകോട്ടെ ഡ്രോൺ ദീദിമാരെപ്പറ്റിയാണ്. കൃഷിയിടത്തിൽ രോഗബാധയും കീടങ്ങളും കാരണമുള്ള പ്രശ്നങ്ങൾ ഇപ്പോൾ കാസർകോട്ടുകാരെ കാര്യമായി ബാധിക്കാറില്ല. കൃഷി സംരക്ഷിക്കാൻ തൊഴിലാളികളില്ല എന്നും അവർക്ക് പരാതിയില്ല. കാരണം ഒരു ഫോൺ കോളിൽ കർഷകർക്കു കൂട്ടായി എത്തും ആകാശത്തു നിന്നൊരു പ്രതിവിധി. പറന്നുനടന്നു കീടങ്ങളെയും രോഗബാധയെയുമെല്ലാം തുടച്ചുനീക്കി കൃഷിക്ക് പുത്തനുണര്‍വേകി അവരങ്ങ് പോകും. അതാണ് കാസർകോട്ടുകാരുടെ സ്വന്തം ഡ്രോൺ ദീദിമാർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 15,000 വനിതകള്‍ക്കു തൊഴിൽ അവസരം ഉറപ്പാക്കാനായി കേന്ദ്രം ഒരുക്കിയ ‘നമോ ഡ്രോൺ ദീദി’ എന്ന പദ്ധതിയുടെ ഭാഗമായ കാസർകോട്ടെ ഏഴു വനിതകൾ.
കർഷകരുടെ വിളി വന്നാൽ ഡ്രോണുമായി ഇവരെത്തും. പിന്നെ കീടനാശിനി തളിക്കാനും വളപ്രയോഗത്തിനുമൊക്കെയായി ‘പറന്നു നിൽക്കും’ ഇവർ. കേന്ദ്ര സർക്കാരിന്റെ ‘നമോ ‍‍ഡ്രോൺ ദീദി’ പദ്ധതിയിലേക്ക് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തത് 46 വനിതകളെയായിരുന്നു. അവരിൽ ഏഴു പേർ കാസർകോട് നിന്നുള്ളവരും. കേരളത്തിൽ പദ്ധതിയുടെ ഏറ്റവും വിജയകരമായ മാതൃകകളിലൊന്നും കാസർകോട്ടെയാണ്. കൃഷിയെ സ്നേഹിച്ചിരുന്നവര്‍, സാങ്കേതികതയുടെ കൈ പിടിച്ച് കൃഷിയുടെ പരിരക്ഷയ്ക്കു വേണ്ടി ഇറങ്ങിതിരിച്ചപ്പോൾ അത് ഒട്ടേറെ വനിതകൾക്ക് വലിയ മാതൃകയുമായി. ഇനിയും ഒരുപാട് പേർക്ക് ഈ മേഖലയിലേക്കു കടന്നു വരാനുള്ള ധൈര്യമായി അവരുടെ ജീവിതം ആകാശത്തോളം വളരുകയാണ്, അല്ല, അവർ വളർത്തുകയാണ്. എന്താണ് നമോ ഡ്രോൺ ദീദി പദ്ധതി? എങ്ങനെയൊരു ഡ്രോൺ പൈലറ്റാകാം? എങ്ങനെയാണ് ഇതൊരു മികച്ച വരുമാന മാർഗമാകുന്നത്? എന്തെല്ലാമാണ് വെല്ലുവിളികൾ? അവയെ മറികടന്ന് എങ്ങനെ വിജയാകാശത്തിലേക്കു പറക്കാം? കാസർകോടിന്റെ അഭിമാനമായ ‍ഡ്രോൺ പൈലറ്റുമാരെക്കുറിച്ച് ഈ വനിതാ ദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ഡ്രോൺ പൈലറ്റുമാരിലൊരാളായ പി.എസ്.ഷക്കീന.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button