‘ആന്റി ബയോട്ടിക് അനാവശ്യ വിൽപനയിൽ 30% വരെ കുറവ്; ആരോഗ്യ വകുപ്പിന്റേത് മാതൃകാ പ്രവര്‍ത്തനങ്ങള്‍’

പത്തനംതിട്ട ∙ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ ആന്റിബയോട്ടിക്കുകള്‍ വില്ക്കാന് പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില്‍ 20 മുതല്‍ 30 വരെ ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന, രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയായ ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെന്റിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം രോഗാണുക്കള്‍ ആര്‍ജിക്കുന്ന പ്രതിരോധത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ജനകീയ ബോധവൽക്കരണത്തിനും കേരളം തുടക്കമിട്ടു. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തുന്നത്. ഇതിലൂടെ വലിയ മാറ്റമാണു പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി മനോരമ ഓൺലൈനിനോടു പറഞ്ഞു. കേരളത്തിന്റെ എഎംആര്‍ നിരീക്ഷണ ശൃംഖലയായ കാര്‍സ്നെറ്റ് (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ആണ് സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും വലിയ എഎംആര്‍ നെറ്റുവര്‍ക്ക് ശൃംഖലയെന്നും മന്ത്രി പറഞ്ഞു. 59 തൃതീയ ആശുപത്രികളില്‍ നിന്നും 100ലധികം സ്പോക്ക് ആശുപത്രിയില്‍നിന്നും എഎംആര്‍ സംബന്ധിച്ച വിവരങ്ങള്‍ കാര്‍സ്നെറ്റിലൂടെ കേരളം ക്രോഡീകരിക്കുന്നുണ്ട്. ദ്വിതീയ തലത്തിലെയും പ്രാഥമിക തലത്തിലെയും എഎംആര്‍ നിരീക്ഷണം നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.
Source link