അക്തറിനെതിരായ അപ്പർ കട്ട് സിക്സർ 22 വർഷങ്ങൾക്കിപ്പുറം വീണ്ടും ഇതാ അതേപടി; കണ്ടു കൊതി തീർന്നില്ലല്ലോ ‘ദൈവമേ’…– വിഡിയോ

റായ്പുർ ∙ 2003ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ വാശിയേറിയ മത്സരത്തിൽ സാക്ഷാൽ ശുഐബ് അക്തറിനെതിരെ കളിച്ച വിഖ്യാതമായ ആ അപ്പർ കട്ട് സിക്സർ ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഷോട്ടുകളുമായി സച്ചിൻ തെൻഡുൽക്കർ, വിരമിച്ചിട്ടില്ലേ എന്നു സംശയം തോന്നുംവിധം തുടരെ ബൗണ്ടറികളുമായി അമ്പാട്ടി റായുഡു, ഗാലറിയിൽ തിങ്ങിനിറഞ്ഞ അര ലക്ഷത്തോളം കാണികൾ, ഒടുവിൽ മറ്റൊരു ബൗണ്ടറിക്കുള്ള സച്ചിന്റെ ശ്രമം ബൗണ്ടറി ലൈനിന് അരികെ ചാഡ്‌വിക് വാൾട്ടന്റെ ക്യാച്ചിൽ അവസാനിക്കുമ്പോൾ പതിറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിച്ച ആ ഭയപ്പെടുത്തുന്ന നിശബ്ദതയും അതേപടി…കാലചക്രം വർഷങ്ങൾ പലതു പിന്നിലേക്ക് തിരിച്ചുവച്ചാണ്, റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന് വിരാമമാകുന്നത്. ക്രിക്കറ്റ് ആരാധകർ ഒരിക്കൽക്കൂടി കൺകുളിർക്കെ കാണാൻ ആഗ്രഹിച്ച ‘നൊസ്റ്റാൾജിയ’ ഉണർത്തുന്ന ഒട്ടേറെ ക്രിക്കറ്റ് മുഹൂർത്തങ്ങൾ സമ്മാനിച്ച ടൂർണമെന്റിൽ, സച്ചിൻ തെൻഡുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സാണ് ചാംപ്യൻമാരായത്. ഇതിഹാസ താരം ബ്രയാൻ ലാറ നയിച്ച വെസ്റ്റിൻഡീസിനെ ആറു വിക്കറ്റിന് തകർത്താണ് സച്ചിന്റെയും സംഘത്തിന്റെയും കിരീടധാരണം. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്. ഇന്ത്യ– 17.1 ഓവറിൽ 4ന് 149.
Source link