ആശ്വാസം തേടിയെത്തിയ പാക്കിസ്ഥാന് കിവീസിൽ 7 കളികളിൽ 6–ാം തോൽവി; ട്വന്റി20ക്കു പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു– വിഡിയോ

ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുന്നു. ട്വന്റി20 പരമ്പരയിൽ 4–1ന്റെ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാക്കിസ്ഥാൻ ടീം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഏകദിന പരമ്പരയും കൈവിട്ടു. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ന്യൂസീലൻഡ് ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ, 208 റൺസിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന്റെ തോൽവി 84 റൺസിന്. അർധസെഞ്ചറി നേടിയ മധ്യനിര ബാറ്റർ ഫഹീം അഷ്റഫാണ് അവരുടെ ടോപ് സ്കോറർ. 80 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 73 റൺസാണ് ഫഹീമിന്റെ സമ്പാദ്യം.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെൻ സിയേഴ്സ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡുഫി എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ബെൻ സിയേഴ്സ് 9.2 ഓവറിൽ 59 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഡുഫി എട്ട് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥൻ സ്മിത്ത്, വില്യം ഒറൂർക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഇത്തവണത്തെ ന്യൂസീലൻഡ് പര്യടനത്തിൽ ട്വന്റി20, ഏകദിന ഫോർമാറ്റുകളിലായി ഏഴു കളികളിൽനിന്ന് പാക്കിസ്ഥാന്റെ ആറാം തോൽവിയാണിത്.
Source link