ആർസിബിയുടെ ഓഹരി വിൽക്കാൻ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനി; ഐപിഎൽ ചാംപ്യന്മാർക്ക് മൂല്യം 17,000 കോടി, ആദ്യ ഉടമ വിജയ് മല്യ

നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികൾ വിറ്റൊഴിയാൻ നീക്കം നടത്തുന്നത്. ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യം (Valuation) വിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിർത്തുമെന്നാണ് സൂചനകൾ. അതേസമയം, ഇക്കാര്യത്തിൽ ആർസിബിയോ ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സോ (United Spirits) പ്രതികരിച്ചിട്ടില്ല. ഐപിഎൽ ടൂർണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതൽ കളത്തിലുണ്ടെങ്കിലും ആർസിബിക്കും സൂപ്പർതാരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസൺ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ (Punjab Kings) പരാജയപ്പെടുത്തി ‘കിങ് കോലി’യുടെ ടീം കപ്പുയർത്തിയത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
Source link