‘വിപ്ലവ ഗാനം ആലപിച്ചത് പ്രേക്ഷകർ ആവശ്യപ്പെട്ടിട്ട്, ദേവസ്വം പ്രസിഡന്റല്ല എന്നെ പരിപാടി ഏൽപ്പിച്ചത്’

കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.‘‘ശ്രോതാക്കളുടെ ഇഷ്ടത്തിനു പാട്ടുപാടുന്ന ആളാണ് ഞാൻ. സാധാരണ എന്റെ പരിപാടികളിൽ വിപ്ലവ ഗാനങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ ആളുകളുടെ ആവശ്യാർഥം പാടിയ ഒരു പാട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ദേവസ്വം പ്രസിഡന്റല്ല എന്നെ പരിപാടി ഏൽപ്പിച്ചത്. വ്യാപാരികളുടെ ഒരു സംഘടനയാണ് പരിപാടി ഏൽപ്പിച്ചത്. വിപ്ലവ ഗാനം പാടാൻ കമ്മിറ്റിയുടെ നിർദേശം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഉദ്ദേശത്തോടെ പോയതുമല്ല. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് പാടുകയാണ് ഒരു കലാകാരന്റെ കടമ. അങ്ങനെ പാടിയെന്നെയുള്ളൂ.
Source link