KERALA

ഇച്ഛാശക്തിയുടെ പ്രതിരൂപം; മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് 80-ാം പിറന്നാൾ


ഇപ്പോഴും ഓർമ്മയിലുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനത്തിൽ പിതാവ്‌ എം.പി. വീരേന്ദ്രകുമാർ എഴുതിയ കുറിപ്പ്. അസുഖംകാരണം ക്ഷീണിതനായി ഇരിക്കുന്നതിനിടയിലാണ് അദ്ദേഹം അത് തയ്യാറാക്കിയത്. പ്രളയകാലത്തെ കെടുതികളിലും കോവിഡിന്റെ വ്യാപനത്തിനിടയിലും സംസ്ഥാനത്തെ സധൈര്യം നയിച്ചുകൊണ്ടിരുന്ന, പുതിയ വികസനകാഴ്ചപ്പാടോടെ കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ചായിരുന്നു അച്ഛൻ അന്ന് ഓർത്തെഴുതിയത്. ‘ഭരണനിർവഹണം ഏറെ വെല്ലുവിളികൾ നിറഞ്ഞ കടമ്പയാണ്. അതിന് ഇച്ഛാശക്തിയും ദീർഘവീക്ഷണവും കൂടിയേകഴിയൂ. നയപരമായ തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും പിണറായി വിജയനുള്ള പാടവം അസാമാന്യമാണ്,’ ആ കുറിപ്പിൽ അദ്ദേഹം എടുത്തുപറഞ്ഞു. അത്തരത്തിലൊരു കുറിപ്പ് ആ പിറന്നാളിനോടനുബന്ധിച്ച് എഴുതണമെന്നതിൽ അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു. ചിലകാര്യങ്ങൾ ഓർക്കാതെ, പറയാതെ പോകരുതെന്ന മുഖവുരയോടെയാണ് അദ്ദേഹം അത് തയ്യാറാക്കാനിരുന്നത്; അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന്റെ അഞ്ചുദിവസംമുൻപ്‌. ഒരുപക്ഷേ, അച്ഛൻ അവസാനമായി തയ്യാറാക്കിയ കുറിപ്പുകളിലൊന്നും അതായിരിക്കണം. ഈ പിറന്നാൾകുറിപ്പും പിണറായി വിജയൻ എന്ന ഭരണാധികാരിയെക്കുറിച്ചുതന്നെയാണ്. അദ്ദേഹത്തിന്റെ എൺപതാംപിറന്നാളാണിന്ന്. അച്ഛൻ വിലയിരുത്തിയതിൽനിന്ന് ഒരുവാക്കുപോലും മാറ്റേണ്ടതില്ലെന്നതുതന്നെയാണ് എന്റെയും ബോധ്യം. ഒരു ഭരണാധികാരി എങ്ങനെ നാടിന്റെ ക്യാപ്റ്റനും ക്രൈസിസ് മാനേജരുമാവുന്നുവെന്ന് നമ്മൾ, പോയവർഷങ്ങളിൽ കണ്ടതാണ്. തുടർച്ചയുടെ പ്രതിഫലനങ്ങളാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. അണുവിട മാറാത്ത നായകത്വത്തിന്റെ തുടർച്ച.പതിറ്റാണ്ടുകൾനീണ്ട ബന്ധം, മുഖ്യമന്ത്രി പിണറായി വിജയനുമായി അച്ഛനുണ്ടായിരുന്നു. രാഷ്ട്രീയമുന്നണിമാറ്റത്തോടെ ഇടയ്ക്ക് അതല്പം ഉലഞ്ഞെങ്കിലും ഇരുവരുടെയും സൗഹൃദത്തെയും വ്യക്തിബന്ധത്തെയും അത് ഒട്ടും ബാധിച്ചിരുന്നില്ല. രാഷ്ട്രീയമായ ഭിന്നതകൾ നിലനിൽക്കെത്തന്നെ രോഗാവസ്ഥയിൽ അച്ഛനെ സന്ദർശിക്കാൻ മുഖ്യമന്ത്രി കോഴിക്കോട്ടെ വീട്ടിലെത്തി. ചിന്ത പബ്ലിക്കേഷൻസിന്റെ ഒരു പുസ്തകപ്രകാശനച്ചടങ്ങിലും ഇരുവരും ഒന്നിച്ച് വേദിയിലെത്തിയതും ആ സൗഹൃദത്തിന്റെ ഊഷ്മളതയിലായിരുന്നു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുറന്നുചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അവിടെയാണ്, അങ്ങനെയാണ് ബന്ധങ്ങൾക്ക് ദൃഢത കൈവരുന്നത് എന്നായിരുന്നു അച്ഛൻ എപ്പോഴും ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളായിരുന്നു. അന്ന് മാസത്തിലൊരിക്കൽ അമ്മയോടൊപ്പം അച്ഛനെ കാണാൻ ജയിലിൽ പോകുമായിരുന്നു. അന്നത്തെ ജയിൽവിശേഷങ്ങളിൽ പലപ്പോഴും കേട്ട പേരുകളിലൊന്ന് പിണറായി വിജയന്റേതായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും ബന്ധവും തുടങ്ങുന്നത് ആ സംസാരങ്ങളിലൂടെയാണ്. അച്ഛനിൽനിന്ന് തുടങ്ങിയ ആ ബന്ധം, അതേ ഊഷ്മളതയോടെ പുതിയതലമുറയിലെ ഞാനും പിന്തുടരുന്നു.


Source link

Related Articles

Back to top button