‘ഇടംകൈ കൊണ്ട് ലെഗ് സ്പിൻ എറിഞ്ഞാൽ ഉഷാറായിരിക്കുമെന്ന് പറഞ്ഞു’: വിഘ്നേഷ് പുത്തൂരിന്റെ ആ വഴികാട്ടി ഇന്ന് ഉസ്താദ് – വിഡിയോ

കോട്ടക്കൽ∙ ‘എന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായ വ്യക്തി’ – ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന യുവതാരങ്ങളിൽ ഒരാളായ വിഘ്നേഷ് പുത്തൂർ എന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി, അന്ന് തന്റെ പ്രദേശവാസിയായിരുന്ന ഷരീഫ് എന്നയാളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ മനോരമ ഓൺലൈൻ വിഘ്നേഷിനെ ബന്ധപ്പെട്ടപ്പോഴാണ്, ഷരീഫ് എന്ന വ്യക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നാട്ടിൽ ക്രിക്കറ്റ് കളിച്ചുനടക്കുന്ന കാലത്ത് തന്റെയുള്ളിലെ ‘സ്പാർക്’ തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ സി.ജി. വിജയകുമാർ എന്ന പരിശീലകന്റെ അടുത്തെത്തിച്ചത് ഷരീഫാണെന്ന് വിഘ്നേഷ് സാക്ഷ്യപ്പെടുത്തിയിരുന്നു. വിഘ്നേഷ് പുത്തൂർ എന്ന യുവതാരം ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ചാവിഷയമായതിനു പിന്നാലെ മനോരമ ന്യൂസ് സംഘം ഷരീഫിനെ തേടിച്ചെല്ലുമ്പോൾ, അദ്ദേഹം ഷരീഫ് മുസ്‌ലിയാരാണ്. കോട്ടക്കലിനു സമീപം കുഴിപ്രയിൽ ഒരു പള്ളിയിലെ ഉസ്താദ്. മലപ്പുറം ജില്ലയ്ക്കായി അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുള്ള അദ്ദേഹത്തിന്, വിഘ്നേഷ് പുത്തൂരിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്. ആദ്യകാലത്ത് നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുമ്പോൾ അവിടെ കളിക്കാൻ വന്നിരുന്ന പയ്യനെ പ്രഫഷനൽ ക്രിക്കറ്റിന്റെ വഴിയിലേക്ക് നയിച്ചതിനെക്കുറിച്ച് പറയുമ്പോഴും, തുടക്കത്തിൽ ചെറിയൊരു തള്ളു കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ആവർത്തിക്കുന്നുണ്ട് അദ്ദേഹം.
Source link