ഇടത്തേക്കെന്ന തോന്നലുണ്ടാക്കി വലത്തേക്ക് നീങ്ങുന്ന മോദി; തന്ത്രജ്ഞന്‍റെ വിജയം

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന തിരിച്ചടിക്ക് ഇരുപത് മിനിറ്റ് മുന്‍പ് മാത്രമാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ‘തിരിച്ചടിക്ക് തയ്യാര്‍’ എന്ന കുറിപ്പ് ഇന്ത്യന്‍ കരസേന പങ്കുവെച്ചത്. ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ട നിമിഷത്തില്‍ മാത്രമല്ല അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്താനുമായുള്ള സിന്ധു നദീജലകരാര്‍ മരവിപ്പിച്ച നടപടിയുണ്ടായപ്പോഴും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളോട് പ്രതികരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ഇന്ത്യന്‍ സേനകള്‍ക്ക് അനുവദിച്ചു നല്‍കിയപ്പോഴും ഇന്ത്യയുടെ പ്രത്യാക്രമണത്തിന്‍റെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. നിരപരാധികളായ 26 ജീവനുകളുടേയും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന രാജ്യത്തെ ഓരോ പൗരനും നീതി ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരും കരുതിയതുമില്ല. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ ഒരു പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട് എന്നതല്ലാതെ ഇത്രവേഗം ഭീകരര്‍ക്കെതിരെ ഒരു തിരിച്ചടി നടക്കുമെന്നുള്ള വിവരം ഒരുതരത്തിലും പുറത്തെത്തിയിരുന്നില്ല.ഉള്ളൊഴുക്ക് ശക്തമാകുമ്പോഴും ഉപരിതലം ശാന്തമായി തോന്നിപ്പിക്കാനുള്ള ഭരണ നേതൃത്വമികവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. പാകിസ്താനെതിരെയുള്ള തിരിച്ചടിയ്ക്കുമുന്‍പ് ശാന്തത തുടരുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുന്‍പും കാണിച്ചുതന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രണത്തിനുശേഷം നടന്ന ബാലാക്കോട്ട് ആക്രമണവും യാതൊരു സൂചനയും നല്‍കാതെയാണ് വിജയകരമായി നടപ്പാക്കിയതെന്നത് ശ്രദ്ധേയം. മോദിയുടെ യുദ്ധതന്ത്ര നേതൃത്വമികവ് രണ്ടാമത്തെ തവണയും ലക്ഷ്യം കണ്ടിരിക്കുന്നു. ആക്രമണം നടത്തുമെന്ന് ഒരുവിധത്തിലുള്ള സൂചനയും നല്‍കാതെ കൃത്യമായി, ലക്ഷ്യം നേടുക എന്നത് ഏതൊരു രാഷ്ട്രത്തിന്റേയും പ്രതിരോധമികവ് തന്നെയാണ്. ബാലാക്കോട്ട് ആക്രമണത്തില്‍നിന്ന് പാകിസ്താന് ആ പാഠം ഉള്‍ക്കൊള്ളാനായില്ല എന്നത് ആ രാഷ്ട്രത്തിന്റെ പരാജയവും ഇന്ത്യയുടെ നേട്ടവുമാണ്. അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും പ്രധാനമന്ത്രിക്കു നല്‍കേണ്ടിയിരിക്കുന്നു.
Source link