ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയം; കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തി സഹോദരൻ, അറസ്റ്റ്

തിരുപ്പുർ∙ തമിഴ്നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരിൽ കോളജ് വിദ്യാർഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പൊലീസ് അറസ്റ്റ് ചെയ്തു.കോളജില്‍ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയബന്ധത്തെ എതിർത്ത കുടുംബം പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ ഇതിനു തയാറായില്ല. അതിനിടെ മാർച്ച് 30ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരുക്കേറ്റ് മരിച്ചതായാണു കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
Source link