ഇതിലും മികച്ച ‘ലാസ്റ്റ് ഓവർ ത്രില്ലർ’ ഉണ്ടാകുമോ? അഞ്ചു പന്തിൽ ജയിക്കാൻ 28 റൺസ്, റിങ്കു സിങ്ങിന്റെ തല്ലുമാല!

ഇതിലും മികച്ച ലാസ്റ്റ് ഓവർ ത്രില്ലർ കാണിച്ചുതരുന്നവർക്കു ‘ലൈഫ് ടൈം സെറ്റിൽമെന്റ്’ വാഗ്ദാനം ചെയ്യാൻ കഴിയുന്നൊരു മത്സരമുണ്ട്, ഐപിഎൽ ചരിത്രത്തിൽ. ജയിക്കാൻ 8 പന്തിൽ 39 റൺസെന്ന അസാധ്യ ലക്ഷ്യം മുന്നിൽ നിൽക്കെ റിങ്കു സിങ് എന്ന ഒറ്റയാൾ പട്ടാളം കൊൽക്കത്തയ്ക്കായി അദ്ഭുതം പ്രവർത്തിച്ചു. അവസാന ഓവറിൽ 5 പന്തിൽ 28 റൺസായി വിജയലക്ഷ്യം ചുരുങ്ങിയപ്പോൾ വിജയസാധ്യത 1.29% മാത്രമായിരുന്നു. തോൽവി സാധ്യത 98.71 ശതമാനവും. പക്ഷേ, ശേഷിച്ച 5 പന്തും റിങ്കു സിക്സറടിച്ചപ്പോൾ അവിശ്വസനീയമായൊരു റെക്കോർഡ് പിറന്നു, അവസാന ഓവറിൽ ഏറ്റവുമധികം റൺസ് പിന്തുടർന്നുള്ള വിജയം! രാജകീയമായി കളി ഫിനിഷ് ചെയ്ത റിങ്കുവിന്റെ കളിജീവിതത്തിന് യഥാർഥ കിക്ക് സ്റ്റാർട്ട് ലഭിച്ചതും അന്നാണ്.2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ആ മത്സരം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. വിജയ് ശങ്കറും (63) സായ് സുദർശനും (53) ആക്രമിച്ചു കളിച്ചു നേടിയ അർധസെഞ്ചറികളാണു ടൈറ്റൻസിനു മികച്ച സ്കോർ നൽകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയും മോശമാക്കിയില്ല. വെങ്കടേഷ് അയ്യരും (83) നിതീഷ് റാണയും (45) മികച്ച തുടക്കം നൽകിയപ്പോൾ 13 ഓവറിൽ 2 വിക്കറ്റിനു 128 എന്ന മികച്ച നിലയിലായി കൊൽക്കത്ത.
Source link