നാല് വിവാഹം, ഏഴ് മക്കള്‍, 3.7 ലക്ഷം കോടിയുടെ സ്വത്ത്; അനന്തരാവകാശിയെ കണ്ടെത്താനാകാതെ തായ് രാജാവ്

ലോകത്തിലെ ഏറ്റവും ധനികനായ രാജാവിന്റെ മകന് സന്ന്യാസം സ്വീകരിച്ചു! തായ്ലാൻഡ് രാജാവ് മഹാ വജിരലോങ്കോണ് (Maha Vajiralongkorn) തള്ളിപ്പറഞ്ഞ മക്കളിലൊരാളായ വചരേസോണ്‍ വിവാചാരവോങ്സെ(Vacharaesorn Vivacharawongse)യാണ് ബുദ്ധസന്ന്യാസം സ്വീകരിച്ചത്. ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ വെസക് ദിനത്തില്‍ ബാങ്കോക്കില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങള്‍ 43-കാരനായ വചരേസോണ്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. താന്‍ ഔണ് എന്നറിയപ്പെടുന്ന വചരേസോണ്‍, വജിരലോങ്കോണിന്റെയും മുന്‍ ഭാര്യ സുജരിനീ വിവാചാരവോങ്സെയുടേയും അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ്. 1981-ല്‍ ജനിച്ച വചരേസോണ്‍ 1996-ല്‍ തായ് രാജകുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അമ്മയ്ക്കും സഹോദരന്മാര്ക്കും ഒപ്പം അമേരിക്കയിലാണ് വളര്‍ന്നത്. വളരെക്കാലം വിദേശത്ത് താമസിച്ചെങ്കിലും തായ് സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്തേക്ക് മടങ്ങിയത്. തായ്ലാന്‍ഡിലെ രാജവാഴ്ചയുടെ ഭാവിയെക്കുറിച്ചും എഴുപത് പിന്നിട്ട മഹാ വജിരലോങ്കോണ് രാജാവിന്റെ പിന്‍ഗാമിയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒരിക്കല്‍ രാജകീയ പദവി നഷ്ടപ്പെട്ടതാണെങ്കിലും വചരേസോണിന്റെ നീക്കങ്ങള്‍ രാജകുടുംബത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ഒരുപക്ഷേ, വചരേസോണ്‍ അടുത്ത കിരീടാവകാശി ആയേക്കും എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തായ് സര്‍ക്കാരോ രാജകുടുംബമോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചകള്‍ തുടരുകയാണ്. പൊതുചുമതലകള്‍ ഏറ്റെടുക്കും മുമ്പ് രാജകുടുംബാംഗങ്ങള്‍ ആശ്രമങ്ങളില്‍ സമയം ചെലവഴിക്കുന്നത് പതിവാണെന്നതാണ് ഊഹാപോഹങ്ങള്‍ ശക്തമാക്കുന്നത്. അതിനാല്‍ തന്നെ രാജകീയ പിന്തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും ശക്തമാണ്. എന്തുകൊണ്ടാണ് വചരേസോണിനേക്കുറിച്ച് തായ് ജനത ചര്‍ച്ചചെയ്യുന്നത്? മഹാ വജിരലോങ്കോണിന് ശേഷം ആരായിരിക്കും തായ് രാജാവ് ? എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലവില്‍ക്കുന്നത് ?
Source link