ഈ നടന്റെ സിനിമകൾ മാത്രം എങ്ങനെ ഹിറ്റാകുന്നു; ഇതു ബേസിലാടാ… ബേസില്‍!

ഭാവുകത്വ പരിണാമങ്ങളുടെ പരമ്പരകളില്‍ കൂടി കടന്നു പോയ ഒന്നാണ് മലയാള സിനിമ. ഏതെല്ലാം കാലഘട്ടങ്ങള്‍, ഏതെല്ലാം തരത്തിലും തലത്തിലുമുളള സിനിമകള്‍, ഇതിവൃത്തപരമായ പരീക്ഷണങ്ങള്‍. പലതും നമ്മെ നടുക്കി കളഞ്ഞവയാണ്. നിയതമായ ഒരു ക്ലൈമാക്സില്ലാതെ അപൂര്‍ണതയില്‍ അവസാനിച്ച ‘അനന്തരം’, ഫിലിം മേക്കറെ തട്ടിയിട്ട് അകന്നു പോകുന്ന നായിക-ഒരേ സമയം മൂന്ന് വ്യത്യസ്ത സ്ത്രീജീവിതം പറഞ്ഞ ‘ആദാമിന്റെ വാരിയെല്ല്’, ബലാത്സംഗം ചെയ്യപ്പെട്ട നായികയെ അത് അറിഞ്ഞുകൊണ്ട് തന്നെ തന്റെ ജീവിതത്തിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നായകനെ അവതരിപ്പിച്ച ‘മുന്തിരിത്തോപ്പുകള്‍’…ഇതെല്ലാം സംഭവിച്ച അതേ മലയാള സിനിമയില്‍ ഇന്നും ഡപ്പാംകൂത്ത് സിനിമകളുമായി തൊണ്ണുറുകളില്‍ നിന്നും വണ്ടി കിട്ടാത്ത ചില നായകന്‍മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംവിധായകരും ചുറ്റിത്തിരിയുന്നു. ദിലീഷ് പോത്തനും ലിജോ ജോസും അടക്കമുളള നവസിനിമാ വക്താക്കള്‍ സിനിമയില്‍ വലിയ മാറ്റം കൊണ്ടു വന്ന് എന്ന് നാം ഊറ്റം കൊളളുമ്പോഴും ഉപരിപ്ലവവും അന്തസാരശൂന്യവുമായ സിനിമകള്‍ കൊണ്ട് വ്യവസായത്തിന് തന്നെ ബാധ്യതയാകുകയാണ് ചില സിനിമാക്കാര്‍. പ്രേക്ഷകനെ തിയറ്ററുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഇവരാണ് ഇന്ന് മലയാള സിനിമ നേരിടുന്ന പൊതുശല്യം. നിരന്തരം പരാജയചിത്രങ്ങള്‍ സമ്മാനിച്ച് ഇവര്‍ കോടികളുടെ കടബാധ്യതകളിലേക്ക് നിര്‍മാതാക്കളെ/ ഇന്‍വസ്റ്റര്‍മാരെ തളളി വിടുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും പലരും അദ്ഭുതത്തോടെ ചോദിക്കുന്ന ഒരു സംശയമുണ്ട്. ഈ ബേസില്‍ ജോസഫിന്റെ സിനിമകള്‍ മാത്രം എന്തുകൊണ്ട് വിജയിക്കുന്നു?
Source link