എന്നും നിക്ഷേപിക്കാം, പരിഭ്രാന്തരാകാതെ ഘട്ടം ഘട്ടമായി വേണമെന്ന് മാത്രം

വിപണി മുന്നേറ്റത്തിലോ ഇടിവിലോ എങ്ങനെ നിക്ഷേപിക്കണമെന്ന് ഹെഡ്ജ് ഗ്രൂപ്പിന്റെ ചെയർമാൻ അലക്സ് കെ ബാബു പറയുന്നു. രണ്ട് വിഭാഗത്തില്‍ പെട്ട ആളുകളാണ് ഓഹരിവിപണിയിലേക്ക് കഴിഞ്ഞ കുറച്ച് കാലമായി ഒഴുകിയെത്തിയത്. ഡിമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തവരില്‍ കൂടുതലും ഗെയിം കളിക്കുന്നതുപോലെ വിപണിയെ കാണുന്നവരായിരുന്നു. എന്നാല്‍ മുഴുവനും അങ്ങനെയുള്ളവരല്ല എന്നോര്‍ക്കണം. എല്ലാവരും ട്രേഡേഴ്‌സല്ല. സെബിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് വര്‍ഷമായിട്ട് ഒന്നര ലക്ഷം കോടി രൂപയാണ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ നഷ്ടം വന്നിട്ടുള്ളത്. എന്നാല്‍ ഇക്കാലയളവിൽ മ്യൂച്ചല്‍ ഫണ്ട് വളരെയധികം വളര്‍ച്ച നേടിയെന്നത് കാണാതിരിക്കരുത്. അവര്‍ ഗെയിം കളിക്കാന്‍ വന്നവരല്ല. നിക്ഷേപ ഉദ്ദേശ്യത്തോട് കൂടി വന്നതാണ്. 15 കോടി ഡിമാറ്റ് അക്കൗണ്ടുകളും 7 കോടി മ്യൂച്ചല്‍ ഫണ്ട് ഫോളിയോകളുമുണ്ടായി. 60 ലക്ഷം കോടി രൂപയുടെ മുകളിലേക്കാണ് മ്യൂച്ചല്‍ ഫണ്ട് വിപണി കുതിച്ചത്. ഇന്ത്യയിലെ മൊത്തം എഫ് ഡി (സ്ഥിര നിക്ഷേപ) വിപണി ഏകദേശം 120 ലക്ഷം കോടി രൂപയാണെന്ന് ഓര്‍ക്കണം. അതിന്റെ പകുതിയിലേക്ക് മ്യൂച്വല്‍ ഫണ്ട് വ്യവസായം വളര്‍ന്നിട്ടുണ്ട്. കോവിഡാനന്തരമുണ്ടായ മാര്‍ക്കറ്റ് റാലിയിലാണ് ഈ രണ്ട് കാറ്റഗറികളുമുണ്ടായത്. മിക്ക ട്രേഡേഴ്‌സും ഊഹക്കച്ചവടം പോലെയാണ് ഇതിനെ കണ്ടത്. അവര്‍ സ്വന്തമായാണ് ട്രേഡ് ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് അവരെല്ലാം നിക്ഷേപ ഉപദേശകരുടെ അടുത്ത് വരുന്നത്. സ്വന്തമായി നിക്ഷേപം നടത്താനുള്ള പ്രവണതയാണ് കൂടുന്നത്. വിപണിയിൽ പ്രയാസം വരുമ്പോഴാണ് പ്രൊഫഷണലുകളെ സമീപിക്കുന്നത്. അടിസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ഉപദേശമാണ് ഞങ്ങള്‍ നല്‍കാറുള്ളത്.
Source link