WORLD

‘എന്നെ പഞ്ചാബെങ്ങാനും വാങ്ങുമോ എന്നായിരുന്നു ടെൻഷൻ’: ഒടുവിൽ പന്തിന്റെ ലക്നൗ അതേ പഞ്ചാബിനോടു തോറ്റു, വൻ ട്രോൾ– വിഡിയോ


ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന, ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം ഋഷഭ് പന്തിന് പഞ്ചാബ് കിങ്സിന്റെ വക രൂക്ഷ പരിഹാസം. ഐപിഎൽ മെഗാതാരലേലത്തിനു തൊട്ടുപിന്നാലെ, ‘പഞ്ചാബ് കിങ്സ് തന്നെ വാങ്ങുമോയെന്ന് ടെൻഷനുണ്ടായിരുന്നു’ എന്ന് പന്ത് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അതേ പന്ത് ക്യാപ്റ്റനായ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തുവിട്ടതിനു പിന്നാലെ രൂക്ഷ പരിഹാസവുമായി പഞ്ചാബ് കിങ്സ് രംഗത്തെത്തിയത്. ‘എല്ലാ ടെൻഷനും ലേലത്തോടെ തീർന്നു’ എന്നായിരുന്നു, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വിഡിയോ പങ്കുവച്ച് പഞ്ചാബ് കിങ്സ് കുറിച്ചത്.മത്സരത്തിൽ തകർപ്പൻ അർധസെഞ്ചറിയുമായി ടീമിനെ വിജയത്തിലേക്കു നയിച്ച ശ്രേയസ് അയ്യരെ പുകഴ്ത്തിക്കൊണ്ടുള്ള വിഡിയോയ്ക്കു നൽകിയ ക്യാപ്ഷനിലാണ്, പന്തിന്റെ പഴയ ‘ടെൻഷൻ പരാമർശം’ പഞ്ചാബ് കിങ്സ് ഓർമിപ്പിച്ചത്. മത്സരത്തിൽ ശ്രേയസ് അയ്യർ 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം പുറത്താകാതെ 52 റൺസെടുത്ത് പഞ്ചാബിനെ വിജയത്തിലെത്തിച്ചപ്പോൾ, അഞ്ച് പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത ഋഷഭ് പന്ത് തീർത്തും നിറംമങ്ങിയിരുന്നു.


Source link

Related Articles

Back to top button