‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷേ നിനക്ക് മാപ്പില്ല’; തോക്കേന്തി പ്രതി, ഫേസ്ബുക്കിൽ പോസ്റ്റ്

കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി ഉൾപ്പെടെ ഏറ്റെടുത്ത് നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.
Source link