മതസൗഹാര്‍ദത്തിന് വേദിയൊരുക്കി മഴ; വിവാഹഹാള്‍ പങ്കിട്ട് മുസ്ലിം, ഹിന്ദു ദമ്പതികള്‍

പുണെ: കനത്ത മഴ മിക്കപ്പോഴും വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഒക്കെയായി വലിയ വിഷമഘട്ടങ്ങളാണ് വെച്ചുനീട്ടാറുള്ളത്. അതേസമയംതന്നെ, പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും അത്തരം വിഷമഘട്ടങ്ങള്‍ വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു കുടുംബത്തിന് തങ്ങളുടെ വിവാഹവേദി വിട്ടുനല്‍കിയ ഒരു മുസ്ലിം കുടുംബത്തിന്റെ നല്ല മനസാണ് സാമൂഹികമാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ ആഘോഷിക്കുന്നത്. ഒരു വിവാഹഹാള്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരമായി മാറുന്ന കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഈ മനോഹരസംഭവം നടന്നത്.
Source link