‘ട്രയൽസിനു വന്നപ്പോഴേ പ്രതിഭ തിരിച്ചറിഞ്ഞു, നേരിടാൻ ബുദ്ധിമുട്ടാണെന്ന് രോഹിത്തും സൂര്യയും തിലകും പറഞ്ഞു’: മുംബൈ ബോളിങ് കോച്ച്

ചെന്നൈ∙ മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിനായി ട്രയിൽസിനു വന്നപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മികവും വ്യത്യസ്തതയും തിരിച്ചറിഞ്ഞിരുന്നുവെന്ന് ടീമിന്റെ ബോളിങ് പരിശീലകൻ പരസ് മാംബ്രെ. അതുകൊണ്ടാണ് അദ്ദേഹം മുൻപ് എത്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് എന്നതുപോലും നോക്കാതെ ടീമിലെടുത്തതെന്നും മാംബ്രെ വ്യക്തമാക്കി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയവർ നെറ്റ്സിൽ വിഘ്നേഷിന്റെ പന്തുകൾ നേരിട്ടിരുന്നു. ആ പന്തുകൾ സൃഷ്ടിച്ച ബുദ്ധിമുട്ടാണ് ആദ്യ മത്സരത്തിൽത്തന്നെ താരത്തെ പരീക്ഷിക്കാൻ ആത്മവിശ്വാസം നൽകിയതെന്നും മാംബ്രെ വ്യക്തമാക്കി.‘‘രോഹിത്, സൂര്യ, തിലക് തുടങ്ങിയവരെല്ലാം നെറ്റ്സിൽ വിഘ്നേഷിനെതിരെ ബാറ്റു ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പന്തുകൾ നേരിടാൻ പ്രയാസമാണെന്നാണ് എല്ലാവരും പറഞ്ഞത്. അതുകൊണ്ട് ആദ്യ മത്സരത്തിൽത്തന്നെ വിഘ്നേഷിന് അവസരം നൽകുന്ന കാര്യത്തിൽ ഞങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. എന്തായാലും അതു വെറുതെയായില്ല. ആ തീരുമാനം എന്തുകൊണ്ടും നല്ല തീരുമാനമായി’ – പരസ് മാംബ്രെ പറഞ്ഞു.
Source link