ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച യുവനടൻ; മരുന്നടിച്ച് ‘കിളി പോയ’ നടി; മലയാള സിനിമയും രാസ ലഹരിയും

കൊച്ചി ∙ മലയാളത്തിലെ ഒരു യുവനടന്റെ ലഹരി ഉപയോഗം പിടിവിടുന്നുവെന്ന് തോന്നിയതോടെ കുടുംബം ഒരു തീരുമാനമെടുത്തു, പിതാവും ഒപ്പം പോകാം. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിലും ഹോട്ടൽ മുറിയിലും എന്നുവേണ്ട, നടന് എവിടേക്ക് തിരിഞ്ഞാലും അവിടെയെല്ലാം നിഴൽ പോലെ പിതാവും ഉണ്ടായിരുന്നു. കുറച്ചുകാലം ഇങ്ങനെ കഴിഞ്ഞു. തരം കിട്ടുമ്പോഴെല്ലാം നടൻ പിതാവിന്റെ കണ്ണുവെട്ടിക്കാൻ ശ്രമിക്കും. മകനെ നേർവഴിക്ക് നടത്താൻ തീരുമാനിച്ച് പിതാവും. നടനെ എങ്ങനെയെങ്കിലും അൽപ്പനേരം സ്വതന്ത്രനായി കിട്ടാൻ മറ്റു ചിലരും ശ്രമിക്കുന്നുണ്ടായിരുന്നു, ലഹരി എത്തിച്ചു കൊടുക്കുന്ന സംഘം. അങ്ങനെയിരിക്കെ ഒരു സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയ ഹോട്ടലിന്റെ ശുചിമുറിയിൽ കയറി നടൻ ഒളിച്ചു. സെക്കന്റുകൾക്കുള്ളിൽ സാധനവുമായി ആളെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പിതാവ് കാണുന്നത് ഉന്മത്തനായിരിക്കുന്ന മകനെയാണ്. മരുന്നടിച്ച് ‘കിളി പോയി’ പിന്നീട് ഇതിൽനിന്ന് പുറത്തുകടന്ന് വിവാഹം കഴിച്ച് ജീവിക്കുന്ന നടിയും മലയാള സിനിമയിലുണ്ട്. ഇത്തരത്തിൽ മലയാള സിനിമയിലെ ഒട്ടേറെ നടീനടന്മാരെ കുറിച്ചും സാങ്കേതിക വിദഗ്ധരെക്കുറിച്ചും അനേകം കഥകൾ ഈ മേഖലയിൽ ഉള്ളവർക്കറിയാം. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മേക്കപ്പ്മാനെ മൂലമറ്റം എക്സൈസ് സംഘം പിടികൂടിയ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന വാദത്തിനും ശക്തിയേറിയിട്ടുണ്ട്.
Source link