എല്ലാത്തരം യാത്രകളും വിലക്കി ബാലി; മാർച്ച് 29ന് വിമാനത്താവളം അടച്ചിടും!

എല്ലാത്തരം യാത്രകളും വിനോദങ്ങളും വിലക്കി ഇന്തൊനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി. മാർച്ച് 29 നാണ് എല്ലാത്തരം യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം രാജ്യം നെയ്പൈ അഥവാ നിശ്ശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ്. ഈ രാജ്യത്തിന്റെ പുതുവർഷമായി കണക്കാക്കുന്നത് ഈ ദിവസമാണ്. ബാലിനീസ് നിശബ്ദ ദിനം എന്നറിയപ്പെടുന്ന നെയ്പൈ ബാലിയിലെ ഹിന്ദുക്കൾക്ക് പവിത്രമായ ദിവസമാണ്. ബാലിയിലുള്ള എല്ലാവരും അവരുടെ വിശ്വാസം പരിഗണിക്കാതെ ഈ പാരമ്പര്യത്തെ മാനിക്കുമെന്നാണ് കരുതുന്നത്.നെയ്പൈക്ക് മുമ്പുള്ള ദിവസങ്ങളിൽ ഗതാഗതകുരുക്ക് വളരെ കൂടുതലായിരിക്കാമെന്നും അതുകൊണ്ട് വിനോദസഞ്ചാരികളും യാത്രക്കാരും അവരുടെ യാത്രാപദ്ധതികൾ അതിന് അനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും ബാലി ട്രാൻസ്പോർട്ടേഷൻ ഏജൻസി മേധാവി ഐജിഡബ്ല്യൂ സാംസി ഗുണാർത പറഞ്ഞു. ഈ വർഷം നെയ്പൈയും ഈദ് – ഉൽ- ഫിത്തറും ഒരേ വാരാന്ത്യത്തിൽ ആണ് വരുന്നത്. ലക്ഷക്കണക്കിന് ആഭ്യന്തര വിനോദസഞ്ചാരികൾ രാജ്യത്തുടനീളം സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇന്തൊനേഷ്യയിൽ ഈദ് – ഉൽ – ഫിത്തർ അവധി ലെബറാൻ എന്നാണ് അറിയപ്പെടുന്നത്.
Source link