എല്ലാ ചെലവുകളും സൗജന്യം; ജര്‍മനിയില്‍ മികച്ച ശമ്പളത്തോടെ നഴ്സാവാം

കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ ആറിനു പകരം 14 വരെ നീട്ടി.ഉദ്യോഗാര്‍ത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി (സ്ക്രോളിങ്) അപേക്ഷ നല്‍കാവുന്നതാണ്. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.
Source link