ഐപിഎൽ ‘വിളിച്ചപ്പോൾ’ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചു; ദക്ഷിണാഫ്രിക്കൻ താരത്തിന് പാക്ക് ബോർഡിന്റെ വക്കീൽ നോട്ടിസ്

മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) തഴഞ്ഞ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ കരാറിലെത്തിയ ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ നിയമനടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇക്കഴിഞ്ഞ ജനുവരിയിൽ പിഎസ്എൽ ടീമായ പെഷവാർ സാൽമി ടീമിലെടുത്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുപ്പതുകാരനായ കോർബിൻ ബോഷ്, കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിൽ കളിക്കാൻ കരാർ ഒപ്പിട്ടിരുന്നു. ഇതോടെയാണ് കോർബിനെതിരെ പാക്ക് ബോർഡ് നിയമനടപടിക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി താരത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് പിൻമാറിയാണ് താരം ഐപിഎലിൽ കളിക്കാൻ മുംബൈ ഇന്ത്യൻസുമായി കരാറിലെത്തിയത്. ഇത്തവണ പിഎസ്എലും ഐപിഎലും ഏതാണ്ട് ഒരേ സമയത്തായതോടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഐപിഎലിൽ കളിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 11 മുതൽ മേയ് 18 വരെയാണ് ഇത്തവണ പിഎസ്എൽ നടക്കുന്നത്. ഐപിഎൽ ആകട്ടെ, മാർച്ച് 21ന് ആരംഭിച്ച് മേയ് 25 വരെ നീളും.
Source link