ഐസിസിയുടെ താക്കോൽ ഇന്ത്യയുടെ കയ്യിലെന്ന് മറ്റു ടീമുകൾക്ക് ‘പരാതി’; ഐസിസി ട്രോഫികൾക്കായി ഒരു ‘ഷെൽഫും’ പണിയുന്നുണ്ടെന്ന് തെളിയിക്കാൻ ടീം ഇന്ത്യ

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ‘താക്കോൽ’ ഇന്ത്യയുടെ കയ്യിലാണെന്നാണ് മറ്റു രാജ്യങ്ങളുടെ പരാതി. എന്നാൽ ഐസിസി ട്രോഫികൾക്കായി ഒരു ‘ഷെൽഫും’ തങ്ങൾ പണിയുന്നുണ്ടെന്ന് തെളിയിക്കാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. 2024 ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തുടർച്ചയായി മറ്റൊരു ഐസിസി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് ന്യൂസീലൻഡിനെതിരെ ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം.ഗ്രൂപ്പ് റൗണ്ടിൽ കിവീസിനെ വീഴ്ത്തിയത് അടക്കം ടൂർണമെന്റിലെ അപരാജിത മുന്നേറ്റവും സൂപ്പർ താരങ്ങളുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുമ്പോൾ ഐസിസി ടൂർണമെന്റുകളിൽ മുൻപ് പലതവണ കിരീടത്തിലേക്കുള്ള ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമാണ് ന്യൂസീലൻഡിനു പ്രതീക്ഷയേകുന്നത്. ദുബായ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
Source link