ഒരു മാസത്തിനിടെ 32,000 പേര്‍ക്ക് ജോലിപോയി, കടുത്ത തൊഴിലില്ലായ്മ; പകരച്ചുങ്കത്തില്‍ വിറങ്ങലിച്ച് കാനഡ

കടുത്ത തൊഴിലില്ലായ്മ നേരിട്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ കാനഡ. ഒരു മാസത്തിനിടെ 30,000-ത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രകൃതിവിഭവങ്ങള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരത്തിനും പേരുകേട്ട ആഗോള സാമ്പത്തിക ശക്തിയായ കാനഡ, 2025 ഏപ്രിലില്‍ വെറും 7,400 തൊഴിലവസരങ്ങള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയര്‍ന്നു. ഇത് 2023 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍ തുടങ്ങിയ പ്രധാന കനേഡിയന്‍ കയറ്റുമതിയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യാപാര യുദ്ധത്തിനിടെ കാനഡയുടെ സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലവിളി സൂചിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം കനേഡിയന്‍ പൗരന്മാര് ഇപ്പോള്‍ തൊഴില്‍രഹിതരാണ്. തൊഴില്‍ മേഖല കാര്യമായ സമ്മര്‍ദ്ദം നേരിടുന്നു. മാര്‍ച്ചിലെ 32,600 തൊഴില്‍ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏപ്രിലില്‍ കൂട്ടിച്ചേര്‍ത്ത 7,400 തൊഴിലവസരങ്ങള്‍ വളരെ കുറവാണ്. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് നിരീക്ഷകരുടെ എല്ലാ പ്രവചനങ്ങളെയും മറികടന്നു. മാര്‍ച്ചില്‍ തൊഴില്‍രഹിതരായവരില്‍ ഏകദേശം 61% പേര് ഏപ്രിലിലും തൊഴില്‍രഹിതരായി തുടര്‍ന്നു. കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. ജനസംഖ്യാ വളര്‍ച്ച അടുത്തിടെ മന്ദഗതിയിലായെങ്കിലും നിയമനങ്ങളെക്കാള്‍ കൂടുതലാണിത്. ഈ പൊരുത്തക്കേട് സാമൂഹിക സേവനങ്ങളെയടക്കം ബാധിക്കുകയും ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
Source link