‘ഒരു സിംഗിളെടുത്തു തന്നാൽ മതി, ഞാൻ സിക്സടിച്ച് ജയിപ്പിക്കാം: പഞ്ചാബ് ‘കൈവിട്ട’ ഭാഗ്യം, ഇന്ന് ഡൽഹിക്കു സ്വന്തം– വിഡിയോ

വിശാഖപട്ടണം∙ കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് ജഴ്സിയിൽ സാക്ഷാൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ സ്വീപ് ഷോട്ടിലൂടെ സിക്സടിച്ച് ശ്രദ്ധ നേടിയ താരമാണ് അശുതോഷ് ശർമ. ഫിനിഷർ റോളിൽ തിളങ്ങാൻ കെൽപ്പുണ്ടെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ തെളിയിച്ച താരം. എന്നിട്ടും ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീം ഒന്നടങ്കം പൊളിച്ചുപണിയാനുള്ള പഞ്ചാബ് മാനേജ്മെന്റിന്റെ തീരുമാനത്തോടെ അശുതോഷ് ശർമ ടീമിനു പുറത്തായി. താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് അശുതോഷിനെ ടീമിലെത്തിക്കുകയും ചെയ്തു. ഒടുവിലിതാ, പഞ്ചാബ് കൈവിട്ട ഭാഗ്യം ഡൽഹിയുടെ ഭാഗ്യമായി മാറിയിരിക്കുന്നു. ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ലക്നൗവിനെതിരെ ഡൽഹി അസാധ്യമായ രീതിയിൽ വിജയം നേടുമ്പോൾ, അതിന്റെ മുന്നണിപ്പടയാളിയായി അശുതോഷുണ്ട്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി, അവസാന ഓവറിൽ ഒറ്റ വിക്കറ്റ് ബാക്കിനിർത്തിയാണ് വിജയത്തിലെത്തിയത്. അതിൽ നിർണായകമായത് 31 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 66 റൺസെടുത്ത അശുതോഷ് ശർമയുടെ പ്രകടനം. ആദ്യ 20 പന്തിൽനിന്ന് 20 റൺസ് മാത്രം നേടിയ അശുതോഷ്, അവസാന 11 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 46 റൺസാണ്!
Source link