WORLD

ഓപ്പണിങ് വിക്കറ്റിൽ 51 പന്തിൽ 95 റൺസടിച്ച് കോലി–സോൾട്ട് സഖ്യം; ‘ചാലഞ്ചി’ല്ലാതെ 7 വിക്കറ്റ് ജയവുമായി ‘റോയൽ’ ബെംഗളൂരു– വിഡിയോ


കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 36 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. സഹ ഓപ്പണറും കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരവുമായിരുന്ന ഫിൽ സോൾട്ട് 31 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച ഇരുവരും 51 പന്തിൽ 95 റൺസ് കൂട്ടിച്ചേർത്തപ്പോൾത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു.


Source link

Related Articles

Back to top button