ഓസ്‌ട്രിയയിൽ കാൽലക്ഷം വർഷം പഴക്കമുള്ള മാമ്മത്ത് ശേഷിപ്പുകൾ കണ്ടെത്തി; കൊമ്പുകളെടുത്തതിന് തെളിവ്

ഓസ്‌ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ കാൽലക്ഷം വർഷം പഴക്കം വരുന്ന 5 മാമ്മത്തുകളുടെ ശേഷിപ്പുകൾ ഓസ്ട്രിയയിലെ ലാങ്മാനേഴ്സ്ഡോർഫിൽ കണ്ടെത്തി. ഓസ്ട്രിയയിലെ സെന്റ് പോൾട്ടനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ മേഖല പണ്ട് ആദിമമനുഷ്യരുടെ വേട്ടനിലമായിരുന്നു. മാമ്മത്തുകളുടെ കൊമ്പുകൾ, അസ്ഥികൾ തുടങ്ങിയവ ഇവിടെ നിന്നു കണ്ടെത്തി. ഈ മേഖലയിലുണ്ടായിരുന്ന ആദിമ മനുഷ്യരുടെ ശിലായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാമ്മത്തുകളെ വേട്ടയാടി കൊമ്പുകളെടുക്കുന്ന പ്രക്രിയ ഇവിടെ നടന്നിരുന്നെന്ന് ഗവേഷകർ സംശയിക്കുന്നു. തീകുണ്ഡങ്ങളൊരുക്കിയിരുന്ന ആദിമ കുഴികളും ഇവിടെ നിന്നു കണ്ടെടുത്തു. വേട്ടസംഘങ്ങൾ ഇവിടെ തമ്പടിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.വമ്പൻ ജീവികളായിരുന്നു മാമ്മത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മത്തുകൾ കഥാപാത്രങ്ങളായി.
Source link