ഓർക്കസ്ട്രേഷനിൽ സഹായിയായി തുടക്കം; വഴിത്തിരിവായത് ലാല്‍ജോസുമായുള്ള പരിചയം

സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട് പാട്ടിന്റെ ലോകത്തേക്ക് ഞാനും എത്തി. എനിക്ക് ഒന്‍പതു വയസ്സുള്ളപ്പോൾ അച്ഛന്‍ ഒരുവയലിൻ വാങ്ങിച്ചു തന്നു. വീട്ടിനടുത്ത് ഉണ്ണിക്കൃഷ്ണൻ ചേർത്തല എന്ന വയലിൻ മാഷ് ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോൾ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അദ്ദേഹമാണ് സംഗീതത്തിലെ എന്റെ ആദ്യ ഗുരു. പിന്നെ ഹരിഹര അയ്യര്‍ എന്ന വയലിൻ വിദ്വാന്റെ അടുത്ത് പഠനമാരംഭിച്ചു. മുപ്പതു വര്‍ഷത്തോളം അവിടെ തുടർന്നു. അങ്ങനെ, ജീവിതചര്യ പോലെയോ വിദ്യാഭ്യാസം പോലെയോ വയലിന്‍ കൂടെക്കൂടി.കർണാട്ടിക് സംഗീതം വോക്കൽ പഠിച്ചിട്ടില്ല. എന്നാല്‍, പില്‍ക്കാലത്ത് മോഹന്‍ കുമാർ സാറിന്റെ അടുത്തു നിന്ന് ഹിന്ദുസ്ഥാനി പഠിച്ചു. വയലിൻ പഠിക്കുന്നത് പാട്ടു പഠിക്കുന്നതിനു തുല്യാണ്. പാടാവുന്ന രീതിയിൽ പഠിച്ചു പോകുന്ന സ്വഭാവം വയലിൻ പഠനത്തിനുണ്ട്. ഏതാണ്ട് വോക്കൽ കോഡിന്റെ സ്വഭാവത്തിലുള്ള വാദനമായതിനാൽ കൂടെ പാടുന്ന പ്രവണത എപ്പോഴുമുണ്ടാകും. ശാസ്ത്രീയ സംഗീതം പാടി ശീലക്കുകയും ചെയ്യുമായിരുന്നു.
Source link