ബജറ്റ് രേഖകളിൽനിന്ന് ₹ നീക്കി തമിഴ്നാട്; പകരം തമിഴ് അക്ഷരം ‘രൂ’

ചെന്നൈ∙ സംസ്ഥാന ബജറ്റിന്റെ ലോഗോയിൽനിന്ന് രൂപയുടെ ചിഹ്നം (₹) നീക്കി തമിഴ്‌നാട്. തമിഴ് അക്ഷരമായ ‘രൂ’ ആണ് പകരം വച്ചിരിക്കുന്നത്. ത്രിഭാഷാ വിവാദം ശക്തമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തലാണ് തമിഴ്നാടിന്റെ നീക്കം. ഇതാദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറൻസി ചിഹ്നം ഒഴിവാക്കുന്നത്. അതേസമയം, ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാളെയാണ് ബജറ്റ് അവതരണം. എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്റ്റാലിൻ പുറത്തുവിട്ട ബജറ്റിനെക്കുറിച്ചുള്ള ടീസറിലാണ് ലോഗോ മാറിയിരിക്കുന്നത്. ‘‘തമിഴ്നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനവും ഉറപ്പാക്കുകയാണ് ….’’ എന്നാണ് ഇതിനൊപ്പം സ്റ്റാലിൻ കുറിച്ചിരിക്കുന്നത്. ദ്രവീഡിയൻ മോഡൽ, ടിഎൻ ബജറ്റ് 2025 തുടങ്ങിയ ഹാഷ്‌ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുൻപുണ്ടായിരുന്ന രണ്ടു ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് വച്ചിരുന്നത്. തമിഴ്നാട് ഇന്ത്യയിൽനിന്ന് ഭിന്നമാണെന്നാണ് ഇതു കാണിക്കുന്നതെന്ന് ബിജെപി വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ചിഹ്നമായാണു രൂപയുടെ ചിഹ്നത്തെ എല്ലാവരും കാണുന്നതെന്നും ബിജെപി നേതാവായ നാരായൺ തിരുപതി പറഞ്ഞു.
Source link