INDIA

കപ്പൽ, പ്രതിരോധ ഓഹരികളിൽ വീണ്ടും മുന്നേറ്റം; 13% കുതിച്ച് കൊച്ചിൻ ഷിപ്പ്‍യാർഡ്, വിപണിമൂല്യം 46,000 കോടിക്ക് മുകളിൽ‌


ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വീണ്ടും വഷളായിരിക്കേ, കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഓർഡറുകൾ കിട്ടിയേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിൽ കുതിച്ചുകയറി കപ്പൽ നിർ‌മാണ, പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികൾ. കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ‌ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ ഇന്ന് 13 ശതമാനത്തിലധികം മുന്നേറി. നിലവിൽ (രാവിലെ 11.30 പ്രകാരം) ഓഹരിയുള്ളത് 13.09 ശതമാനം ഉയർന്ന് 1,783.50 രൂപയിൽ. ഇന്നൊരുവേള വില 1,798 രൂപവരെ ഉയർന്നിരുന്നു.കഴിഞ്ഞവർഷം ജൂലൈ 8ലെ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. 52-ആഴ്ചത്തെ താഴ്ചയാകട്ടെ കഴിഞ്ഞവർഷം മേയ് 13ലെ 1,168 രൂപയും. ഓഹരി റെക്കോർഡ് ഉയരംതൊട്ടപ്പോൾ വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ച് ഒരുഘട്ടത്തിൽ മുത്തൂറ്റ് ഫിനാൻസിനെ പിന്നിലാക്കി ഏറ്റവും മൂല്യമേറിയ കേരളക്കമ്പനിയെന്ന നേട്ടവും കപ്പൽശാല സ്വന്തമാക്കിയിരുന്നു. പിന്നീട് ലാഭമെടുപ്പ് തകൃതിയായതോടെ ഓഹരിവിലയും വിപണിമൂല്യവും താഴ്ന്നു. നിലവിലെ ഓഹരിവില പ്രകാരം വിപണിമൂല്യം 46,849 കോടി രൂപയാണ്. ആയുധ, പ്രതിരോധശക്തി കൂടുതൽ കരുത്തുറ്റതാക്കാനായി കേന്ദ്രസർക്കാർ പ്രതിരോധ രംഗത്തെ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ നൽകിയേക്കുമെന്നാണ് സൂചനകൾ. ഇതാണ് ഇവയുടെ ഓഹരികൾക്ക് ആവേശമാകുന്നത്. മാസഗോൺ ഡോക്കിന്റെ ഓഹരിവില 6.57% ഉയർന്നു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരികളുടെ കുതിപ്പ് 17 ശതമാനത്തോളം. പ്രതിരോധരംഗത്തെ കമ്പനികളായ ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ 2 ശതമാനത്തിലധികം നേട്ടത്തിലാണ്. ഡേറ്റ പാറ്റേൺസ്, പരസ് ഡിഫൻസ്, ഭാരത് ഡൈനാമിക്സ് എന്നിവ 4-7 ശതമാനവും ഉയർന്ന് വ്യാപാരം ചെയ്യുന്നു.


Source link

Related Articles

Back to top button