‘കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും, പക്ഷേ അത് സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കും’

തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം. ‘‘സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി. അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതല്‍ 20 വര്‍ഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയില്‍ ആദ്യമായി കംപ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫിസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാർ 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും’’ – ശശി തരൂർ എക്സിൽ കുറിച്ചു.
Source link