കരളും ആമാശയവും നെഞ്ചിൽ, സ്കാനിങ് പിഴവിൽ കുഞ്ഞിനെ നഷ്ടമായി; ഡോക്ടർക്കെതിരെ പരാതി

കണ്ണൂർ ∙ സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയും കാരണം കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരിച്ചതായി യുവതി ഡിഎംഒയ്ക്ക് പരാതി നൽകി. കുട്ടിയുടെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാം മാസമാണത്രെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്. ആദ്യത്തെ സ്കാൻ റിപ്പോർട്ടുകൾ പൂർണമല്ലെന്നും കുട്ടിയെ വേണ്ടെന്നുവയ്ക്കുകയോ മറ്റെവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്യാമെന്നും ഡോക്ടർ പറഞ്ഞതായും പരാതിയിലുണ്ട്. സ്കാൻ റിപ്പോർട്ട് കൃത്യമായിരുന്നെങ്കിൽ അഞ്ചാം മാസത്തിൽതന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോൾ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും പിന്നീട് ചികിത്സതേടിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായി യുവതി പറയുന്നു. എട്ടുമാസമായതിനാൽ നിയമപ്രകാരം അബോർഷൻ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാൽ എട്ടോളം ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. അതിനു 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു.
Source link