സർക്കാർ അവഗണനക്കെതിരെ വ്യാഴം മുതൽ നിരാഹാരം; സമരത്തിന്റെ മൂന്നാം ഘട്ടത്തിനൊരുങ്ങി ആശമാർ

തിരുവനന്തപുരം ∙ 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യാഴം മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം. ഇന്നു രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം പൂർണമാണ്. വൈകിട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഉപരോധം നടക്കുന്നതിനിടെ, ആശാ വർക്കർമാർക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. മാനദണ്ഡങ്ങൾ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും സമര വിജയമാണിതെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരം തുടങ്ങിയത്.
Source link