‘കാതിൽ ഈദിൻ സ്വരം…’; പാല്‍നിലാ പുഞ്ചിരി തൂകി ചേലോടെ, മൊഞ്ചോടെ ഇൻസ്റ്റയിലും ഹിറ്റ് മാപ്പിളപ്പാട്ടുകൾ

‘‘പാല്‍നിലാ പുഞ്ചിരി, തൂകുമാ സുന്ദരി, പേരെഴും ഹൂറി, പൂമകൾ ഫാത്തിമാ…’’
മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ നടി രാധിക, കെ.ജി.മാർക്കോസിന്റെ ശബ്ദം. ഒരുകാലത്ത് മലയാളികളുടെ മനസ്സ് നിറച്ചൊരു മാപ്പിളപ്പാട്ടായിരുന്നു ഇത്. മുസ്‍ലിം സമുദായത്തിലെ ഒരു മണവാട്ടിപ്പെണ്ണിന്റെ സ്വപ്നവും സന്തോഷവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിത്തന്ന മധുരമൂറുന്ന ഇശലുകൾ. മലബാറിന്റെ സ്വന്തമെന്ന് പറയുമെങ്കിലും എന്നും മലയാളികൾക്കിടയിൽ മാപ്പിളപ്പാട്ടുകൾക്ക് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. സിനിമാ ഗാനങ്ങളും മാപ്പിള ആൽബങ്ങളുമെല്ലാം കേൾക്കാനുള്ള ഇമ്പംകൊണ്ടും വാക്കുകളുടെ ലാളിത്യംകൊണ്ടും നമ്മുടെ മനസ്സിൽ തങ്ങിനിന്നു.
സിനിമാ ഗാനങ്ങളായിരുന്നു ആദ്യകാലത്തെ ട്രെൻഡെങ്കിൽ പിന്നത് പതിയെ മാപ്പിള ആൽബങ്ങൾക്ക് വഴിമാറി. ചാനൽ കുതിച്ചുകയറ്റത്തിന്റെ നാളുകളിൽ അവ വമ്പൻ ഹിറ്റുകളുമായി. ഒരു ദശാബ്ദം മുൻപ് പുറത്തിറങ്ങിയ ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബംതന്നെ ഉദാഹരണം. യുട്യൂബിൽ മാത്രം ഇതുവരെ 2.1 കോടി പേർ ‘നെഞ്ചിനുള്ളിൽ നീയാണ്’ എന്ന പാട്ടു കേട്ടു കഴിഞ്ഞു. പിന്നീടെപ്പോഴോ മാപ്പിള പാട്ടുകളുടെ ആ ട്രെൻഡ് അവസാനിച്ചു. പക്ഷേ, ‘ഇൻസ്റ്റ’ കിഡ്സിന്റെ ഇക്കാലത്ത് മാപ്പിളപ്പാട്ടിന് ആ പഴയ ചേലും മൊഞ്ചും നല്ലോണമുണ്ട്. പണ്ടത്തെപ്പോലെ കല്യാണവീടുകളിലും ആളു കൂടുന്നിടത്തും ബസുകളിലും ചാനലുകളിലും മാത്രമല്ല, ഇൻസ്റ്റഗ്രാം റീലുകളിലും നിറയുകയാണ് മാപ്പിളപ്പാട്ടുകൾ. അത് ലോകം മുഴുവൻ ഏറ്റെടുക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ഗായകർ സെലിബ്രിറ്റികളും ആയി മാറുന്ന കാഴ്ചയാണ് ഇൻസ്റ്റ ലോകത്ത്.
Source link