കാർഷിക മേഖലയുടെ വികസനം സർക്കാരിന്റെ ലക്ഷ്യം, 7273 കോടി രൂപയുടെ നെല്ല് സംഭരിച്ചു- മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കേരളത്തിൽ കാർഷിക മേഖലയുടെ സമഗ്രമായ വികസനവും മുന്നേറ്റവുമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വകുപ്പെന്നും കൃഷി മന്ത്രി പി. പ്രസാദ്. നിയമസഭയിൽ ധനാഭ്യർഥനയോടനുബന്ധിച്ച് നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്ക് പ്രകാരം നെല്ലിന്റെ ഉല്പാദനക്ഷമതയിൽ 2020-21-ലെ 3091 കി.ഗ്രാം/ഹെക്ടർ എന്ന നിലയിൽ നിന്നും 3108 കി.ഗ്രാം/ഹെക്ടറിലേക്ക് എത്തിക്കാൻ വകുപ്പിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും നെല്ലിന്റെ സംഭരണത്തിന്റെ കാര്യത്തിലും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ലിന്റെ സംഭരണ വില നൽകുന്നതിനുമപ്പുറം മറ്റ് പദ്ധതി ആനുകൂല്യങ്ങളും നെൽകർഷകർക്ക് ലഭിക്കുന്നു എന്നുള്ളത് കേരളത്തിലെ കർഷകർക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ സർക്കാരിന്റെ കാലയളവിൽ ഏതാണ്ട് 7273 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഏതാണ്ട് 269 കോടി രൂപയുടെ ആനുകൂല്യങ്ങൾ നെൽകൃഷി മേഖലയിൽ നൽകിയിട്ടുമുണ്ട്. നെൽകൃഷി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 257 കോടിയിലധികം രൂപ വിനിയോഗിച്ച് കൃഷി പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. നാളികേരത്തിന്റെ കാര്യത്തിലും നമ്മൾ നല്ല മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും കീട-രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ കർഷകരെ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ വകുപ്പിനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Source link